മൂന്നാർ: മുന്നാറിന്റെ കുളിരു തേടിയെത്തുന്ന വിനോദ സഞ്ചാരികൾക്ക് മൂന്നാറിലെയും, പരിസര പ്രദേശങ്ങളിലെയും നയന മനോഹര കാഴ്ചകൾ ആനവണ്ടിയിൽ സഞ്ചരിച്ചു കൊണ്ട് കൺ പാർക്കാൻ അവസരം ഒരുക്കിയ കെ എസ് ആർ ടി സിയുടെ “മാസ്റ്റർ ബ്രെയിൻ” സേവി ജോർജ് പടിയിറങ്ങുന്നു. 31 വർഷം ആനവണ്ടിയെ സ്നേഹിച്ചു സേവിച്ച, സേവി ഈ മാസം 30 ന് മൂന്നാറിൽ നിന്ന് മലയിറങ്ങും. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കെഎസ്ആർടിസിക്കു വിനോദ സഞ്ചാരത്തിലൂടെ പുതു ജീവൻ നൽകിയ വ്യക്തിയാണ് കോതമംഗലം, കുത്തുകുഴി തഴുത്തേടത്ത് വീട്ടിൽ സേവി ജോർജ്. ആനവണ്ടിയുടെ വിനോദ സഞ്ചാര യാത്രയിലൂടെ അധിക വരുമാനമെന്ന ആശയം അവതരിപ്പിച്ച് വിജയകരമായി നടപ്പാക്കിയ വ്യക്തിയാണ് ഇദ്ദേഹം. നിലവിൽ മൂന്നാർ ആനവണ്ടി താവളത്തിലേ ഇൻസ്പെക്ടറാണ് സേവി ജോർജ്.
പ്രധാന നഗരങ്ങളിൽ കെഎ സ്ആർടിസിയുടെ ഭൂമിയിൽ നിന്ന് എങ്ങനെ അധികവരുമാനം ഉണ്ടാക്കാ മെന്നു എം ഡി ബിജു പ്രഭാകർ നിർദേശങ്ങൾ ചോദിച്ചതിൽ നിന്നാണു സേവിയുടെ മനസ്സിൽ കെഎസ്ആർടിസിയും ടൂ റിസവും എന്ന ആശയം മുളപൊട്ടിയത്. മൂന്നാറിൽ കെഎസ്ആർടിസിക്ക് മൂന്നര ഏക്കർ ഭൂമി സ്വന്തമായുണ്ട്. ടൂറിസവുമായി ബന്ധപ്പെടുത്തി ഇത് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതു സംബന്ധിച്ച് ഇദ്ദേഹം പദ്ധതി തയാറാക്കി എംഡിക്കു സമർപ്പിച്ചു. മൂന്നാറിൽ എത്തുന്ന ഇടത്തരക്കാരായ സഞ്ചാരികൾക്കു കുറഞ്ഞ ചെലവിൽ ആനവണ്ടിയിൽ സുരക്ഷിതമായി രാപാർക്കാം എന്നതായിരുന്നു ആദ്യ പദ്ധതി. ആശയം മാനേജ്മെന്റിനു സ്വീകാര്യമായതോടെ കണ്ടം ചെയ്ത രണ്ട് ബസുകളിൽ 16 ബെർത്തുകൾ സ്ഥാപിച്ച് മൂന്നാർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ആനവണ്ടിയിൽ രാപാർക്കാൻ മൂന്നാറിന്റെ കുളിരു തേടി വരുന്ന സഞ്ചാരികൾക്ക് അവസരം ഒരുക്കി 100 രൂപ മാ ത്രമാണ് ഒരാൾക്ക് ഒരു രാത്രി ഇതിൽ താമസിക്കുന്നതിനു നിരക്ക്.
നിലവിൽ 8 സ്ലീപ്പർ ബസുകളിലായി 128 പേർക്കു താമസസൗകര്യമുണ്ട്. വാരാന്ത്യങ്ങളിൽ ഇവ മിക്കവാറും നിറയും. 12 സ്ലീപ്പർ ബസുകൾ കൂടി ഉടൻ എത്തും. ഈ പദ്ധതി വിജയകരമായതോടെയാണു സഞ്ചാരികൾക്കു കെഎസ്ആർടി സി ബസിൽ ചുറ്റിക്കറങ്ങി കാഴ്ചകൾ കാണാൻ സൈറ്റ് സീയിങ് ബസുകൾ എന്ന ആശയം സേവി അവതരിപ്പിച്ചത്. നിലവിൽ മൂന്നാറിൽ നിന്നുമാത്രം മൂന്ന് ബസുകൾ സൈറ്റ് സീയിങ് സർവീസ് നടത്തുന്നുണ്ട്.
സേവിയുടെ ആശയം ട്രെൻഡായ തോടെ ഇപ്പോൾ കേരളത്തിലെ 11 ഡിപ്പോകളിൽ നി ന്നു ടൂറിസ്റ്റുകൾ കുറഞ്ഞ ചെലവിൽ മൂ ന്നാർ കാഴ്ചകൾ ആസ്വദിച്ചു മടങ്ങുന്നു. ഇവരെല്ലാം രാത്രി താമസിക്കുന്നതു സ്ലീപ്പർ ബസുകളിലാണ്. കോതമംഗലം ഡിപ്പോയിൽ നിന്ന് തന്നെ നിരവധി ബസുകളാണ് കാനന ഭംഗിയും, ജലയാത്രയും ആസ്വദിച്ചു കൊണ്ട് മൂന്നാറിലേക്ക് സഞ്ചാരികൾക്ക് വേണ്ടി ജംഗിൾ സഫാരി എന്ന പേരിൽ സർവീസ് നടത്തുന്നത്.
ടൂറിസം ഇനത്തിൽ മൂന്നാർ ഡിപ്പോയ്ക്കു മാത്രം 57.34 ലക്ഷം രൂപ വരുമാനമുണ്ടാക്കാനായി. കെ എസ് ആർ ടി സി യിൽ ഡ്രൈവർ ആയി ജോലി ചെയ്യ്തിരുന്ന പിതാവ് ടി വി ജോർജിന്റെ അകാല വിയോഗത്തിൽ, ആശ്രിത നിയമനത്തിലൂടെയാണ് 31 വർഷം മുൻപ് 1991ൽ സേവി മുവാറ്റുപുഴ ഡിപ്പോയിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ചത്. മുവാറ്റുപുഴ, പെരുമ്പാവൂർ, പിറവം, കൂത്താട്ടുകുളം, കോതമംഗലം എന്നി കെ എസ് ആർ ടിസി ഡിപ്പോ കളിലും ജോലി ചെയിതിട്ടുണ്ട്. ഇപ്പോൾ 23 വർഷമായി മൂന്നാർ ഡിപ്പോയിലാണ് . ഈ മാസം 30 നാണ് വിരമിക്കുന്നത്. ആൻസിയാണ് ഭാര്യ. മക്കൾ അമൽ സേവി, അതുൽ സേവി,ആഷിൽ സേവി. മരുമകൾ: ക്രിസ്റ്റീന.