കോതമംഗലം: കേരള സാങ്കേതിക സർവ്വകലാശായുടെ 2020-21 വർഷത്തെ എൻ എസ് എസ് അവാർഡുകൾ വിതരണം ചെയ്തു. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ എം എസ് അവാർഡ്സമർപ്പണ ചടങ്ങ് ഉത്‌ഘാടനം ചെയ്തു.
സർവകലാശാല എൻ എസ് എസ് സെല്ലിന്റെ മുൻനിര പ്രോഗ്രാമായ കെ ടി യു കെയർ പ്രോജക്ടിന്റെ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക പുരസ്‌കാരത്തിന് കോതമംഗലം, നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ പ്രോഗ്രാം ഓഫീസറും കെടിയു കെയർ സംസ്ഥാന കോർഡിനേറ്ററുമായ പ്രൊഫ.ഷിജു രാമചന്ദ്രൻ അർഹനായി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ എൻ എസ് എസ് റീജിയണൽ ഡയറക്ടർ ശ്രീധർ ജി പുരസ്‌കാരം നൽകി.
സാങ്കേതിക സർവകലാശാലയിലെ കോളേജുകളിലെ എൻ എസ് എസ് യൂണിറ്റിലെ വോളന്റീയർമാരിൽ പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തുടങ്ങിയ പ്രോഗ്രാം ആണ് കെടിയു കെയർ. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് പുറമേ, ചാരിറ്റി പ്രവർത്തനങ്ങളും അതോടൊപ്പം രോഗങ്ങളെക്കുറിച്ചും രോഗ പ്രതിരോധ ബോധവൽക്കരണ ക്ലാസ്സുകളും കെടിയു കെയർ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്നു.
പ്രൊ വൈസ് ചാൻസലർ ഡോ. എസ് അയൂബ്, സിൻഡിക്കേറ്റ് അംഗം സഞ്ജീവ് ജി, സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ. അൻസാർ എൻ എം, സർവകലാശാല എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. ജോയ് വർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ചിത്രം :എൻ എസ് എസ് റിജിയണൽ ഡയറക്ടർ ജി ശ്രീധർ നെല്ലിമറ്റം എംബിറ്റ്സ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. ഷിജു രാമചന്ദ്രന് പുരസ്‌കാരം നൽകുന്നു.