പെരുമ്പാവൂര്‍: തിരുവനന്തപുരത്ത് ഏപ്രില്‍ 14ന് നടക്കുന്ന, അഗ്‌നിശമനസേനാ ദിനാചരണത്തിന്റെ ഭാഗമായി ഫയര്‍ ആന്റ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍ നല്‍കുന്ന ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിയ്ക്ക് പെരുമ്പാവൂര്‍ ഫയര്‍ ഫോഴ്സിലെ സിവില്‍ ഡിഫന്‍സ് വൊളന്റിയര് പി.ബി. വിനോദ്കുമാര്‍ അര്‍ഹനായി. ദുരന്തമുഖങ്ങളിലും വന്‍ അഗ്‌നിബാധയുണ്ടാകുന്ന വേളയിലും ഭൂകമ്പം മുതലായ പ്രകൃതി ദുരന്തങ്ങളിലും ജലാശയങ്ങളിലുണ്ടാകുന്ന അപകടങ്ങളിലും റോഡപകടങ്ങളിലും അടിയന്തരമായി ഇടപെട്ട് സ്തുത്യര്‍ഹവും സാഹസികവുമായ രക്ഷാപ്രവര്‍ത്തങ്ങളിലേര്‍പ്പെട്ട് വിലപ്പെട്ട മനുഷ്യ ജീവനുകളും സ്വത്തുക്കളും സംരക്ഷിയ്ക്കുന്നതിലൂടെ ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പിന്റെ യശസ്സും പ്രശസ്തിയും സമൂഹത്തില്‍ ഉയര്‍ത്തുന്നതിന് മുഖ്യ പങ്കുവഹിയ്ക്കുന്ന സാഹസികരായ ഉദ്യോഗസ്ഥര്‍ക്കും ഇതര ജീവനക്കാര്‍ക്കും ആണ് അഗ്‌നിശമനസേനാദിനത്തില്‍ ബഹുമതികള്‍ സമ്മാനിക്കുന്നത്. ഇത്തവണ സംസ്ഥാനത്ത് ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി ലഭിയ്ക്കുന്ന ഇരുപത്തഞ്ചു പേരില്‍ ഒരാളാണ് പെരുമ്പാവൂര്‍ തോട്ടുവ പള്ളത്ത് വീട്ടില്‍ വിനോദ്കുമാര്‍.
2019 മുതല്‍ പെരുമ്പാവൂര്‍ സിവില്‍ ഡിഫന്‍സില്‍ വൊളന്റിയറായി പ്രവര്‍ത്തിച്ചുവരുന്ന വിനോദ്കുമാര്‍ 2018ലും 2019ലും ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പ്രദേശത്ത് അതിസാഹസികമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ചിട്ടയായ പരിശീലനവും ആത്മാര്‍പ്പണവും സംഘടനാമികവുമാണ് വിനോദിനെ വകുപ്പിന്റെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിയ്ക്ക് അര്‍ഹനാക്കിയത്. ഈയടുത്തയിടെ പെരിയാറില്‍ മുങ്ങിത്താഴ്ന്ന ഒരുകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയിരുന്നു വിനോദ്. ഈ രക്ഷാദൗത്യം മാധ്യമ വാര്‍ത്തയായതോടെ ഇദ്ദേഹത്തിനെ കൂവപ്പടി ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും വിവിധ രാഷ്ട്രീയ, സാമുദായിക സംഘടനകളും ആദരിച്ചിരുന്നു. അടിയന്തര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തതിനാവശ്യമായ ഉപകരണങ്ങളും സുരക്ഷാസംവിധാനങ്ങളും വീട്ടില്‍ കരുതിവച്ചുകൊണ്ടാണ് വിനോദിന്റെ ജീവിതം.
2021-ല്‍ ചെല്ലാനം, കണ്ണമാലി, കണ്ടക്കടവ്, അന്ധകാരനാഴി, വേളാങ്കണ്ണി പള്ളി തുടങ്ങിയ ഇടങ്ങളില്‍ കടല്‍ക്ഷോഭമുണ്ടായപ്പോള്‍ വിനോദിന്റെ നേതൃത്വത്തില്‍ തോട്ടുവാ ഗ്രാമത്തില്‍ നിന്നും രണ്ടു ലക്ഷത്തോളം രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് സമാഹരിച്ച് കയറ്റി അയച്ചത്. എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളെയും സേവന പ്രവര്‍ത്തനങ്ങളെയും അപ്രതീക്ഷിതവും അതിശയകരവുമായാണ് വിനോദ് കാണുന്നത്. ഓരോ ദിവസവും പലതുമൊക്കെ ചെയ്യണമെന്നു കരുതിയാണ് ഓരോരുത്തരും എഴുന്നേല്‍ക്കുന്നതെങ്കിലും നമ്മുടെ ചില പ്രവര്‍ത്തികള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ചെയ്യേണ്ടി വരുന്നതാകും. അങ്ങനെ ചെയ്യേണ്ടി വന്ന ചില പ്രവര്‍ത്തികളാണ് സംസ്ഥാന സര്‍ക്കാരിന്റെ ബാഡ്ജ് ഓഫ് ഓണര്‍ ലഭിക്കുന്നതിലേക്ക് തന്നെ പ്രാപ്തനാക്കിയതെന്നു വിനോദ് പറയുന്നു. തോട്ടുവ കവലയില്‍ ഡി.ടി.എച്ച്. വേള്‍ഡ് എന്ന സ്ഥാപനം നടത്തുന്ന വിനോദിന്റെ ഭാര്യ രശ്മിയാണ്. ഗണേഷ്, മീനാക്ഷി എന്നിവരാണ് മക്കള്‍. ഏപ്രില്‍ 14ന് രാവിലെ 8ന് തിരുവന്തപുരത്തെ ചാക്കയിലുള്ള അഗ്നിരക്ഷാനിലയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ മേധാവി ഡയറക്ടര്‍ ജനറല്‍ ഡോ. ബി. സന്ധ്യ ഐ.പി. എസ്. ബാഡ്ജ് ഓഫ് ഓണര്‍ പുരസ്കാരങ്ങള്‍ സമ്മാനിയ്ക്കും.