പെരുമ്പാവൂർ : നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകളായ ആലുവ-മൂന്നാർ റോഡ്, എം.സി റോഡ്, കുറുപ്പംപടി- കൂട്ടിയ്ക്കൽ റോഡ്, പുല്ലുവഴി – കല്ലിൽ റോഡ് എന്നീ റോഡുകൾ ബി.എം & ബി.സി നിലവാരത്തിൽ പുനരുദ്ധരിക്കുന്ന പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനം അശമന്നൂർ പഞ്ചായത്തിന് മുൻപിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈൻ ആയി നിർവഹിച്ചു.
വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പിന് കീഴിൽ പെരുമ്പാവൂർ മണ്ഡലത്തിൽ നിരവധി റോഡുകളുടെ പുനരുദ്ധാരണമാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പെരുമ്പാവൂരിലെ എല്ലാ റോഡുകളും ബി.എം & ബി.സി നിലവാരത്തിലേയ്ക്ക് ഉയർത്തുകയാണ് സംസ്ഥാന ലക്ഷ്യം. ആ ലക്ഷ്യം കൈവരിക്കുന്നതിനായി വിവിധ തരം പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പൂർത്തീകരിച്ചു പെരുമ്പാവൂർ മണ്ഡലത്തിൽ വരുന്നത്.
ഇന്ന് നിർമാണ ഉദ്ഘാടനം നാല് റോഡുകൾ.
1. ആലുവ മൂന്നാർ റോഡ്
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പ്രധാന സംസ്ഥാനപാതയാണ് ആലുവ മൂന്നാർ റോഡ്. എറണാകുളം ജില്ലയിലെ ആലുവയിൽ നിന്നാരംഭിച്ച്, പെരുമ്പാവൂർ, കോതമംഗലം, അടിമാലി വഴി ഇടുക്കി ജില്ലയിലെ മൂന്നാറിൽ അവസാനിക്കുന്നതാണ് ഈ റോഡ് പ്രസ്തുത റോഡിൽ കിമീ 20,000 (വൈദ്യശാലപ്പടി) മുതൽ 28,000 (ഓടക്കാലി പാച്ചുപിളപ്പടി) വരെയുള്ള 8 കിലോമീറ്റർ ഭാഗം ബി.എം&ബി.സി പൂർത്തീകരിച്ചിട്ട് 10 വർഷത്തിലധികം ആയിട്ടുള്ളതാണ്. തുടർന്ന് അറ്റകുറ്റ പ്രവർത്തികൾ മാത്രമാണ് ടി റോഡിൽ ചെയ്തുവരുന്നത്. കനത്ത മഴയെ തുടർന്ന് ടി റോഡിൽ പലഭാഗത്തും കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുഷ്കരമായി തീർന്നിരിക്കുകയാണ്. പ്രസ്തുത സാഹചര്യത്തിൽ റോഡിന്റെ ശോചനീയാവസ്ഥ പരിഗണിച്ച് ടി ഭാഗം ബിസി ചെയ്യുന്നതിന് ശബരിമല ഉത്സവം 2021-22 റോഡ് പ്രവൃത്തികളിൽ ഉൾപ്പെടുത്തി 7 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും സർക്കാരിൽ നിന്നു ലഭ്യമായിട്ടുണ്ട്.
ഈ പദ്ധതി നടപ്പിലാക്കുന്നതിന് 6,22,05,804 – രൂപയ്ക്ക് കരാർ ഏറ്റെടുത്തിട്ടുള്ളതും 6 മാസം പ്രവർത്തന കാലാവധിയോടെ 28.03.2022ൽ സ്ഥലം കൈമാറിയിട്ടുള്ളതുമാകുന്നു. പ്രസ്തുത പ്രവൃത്തിയിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങളിൽ GSB, WMM ഉപയോഗിച്ച് ഉയർത്തുന്ന പ്രവൃത്തികളും ബി.എം പാച്ച് പ്രവൃത്തികളും ഭാഗം മുഴുവനായും ബി.സി ഓവർലേ ചെയ്യുന്നതിനുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങളിൽ നിലവിലുള്ള ഡയിനേജുകളുടെ അറ്റകുറ്റ പണികളും റോഡ് സുരക്ഷാ പ്രവൃത്തികളും ടി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്.
2. എം.സി റോഡ്
എം.സി റോഡ് കി.മീ. 227/000 മുതൽ 232/250 വരെ നവീകരിക്കുന്ന പ്രവൃത്തിക്ക് വേണ്ടി കേരള സർക്കാർ ശബരിമല ഉത്സവം 2021-22 റോഡ് പ്രവൃത്തികളിൽ ഉൾപ്പെടുത്തി 4 കോടി രൂപയുടെ ഭരണാനുമതി നൽകുകയും തുടർന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും വിഭാഗം ചീഫ് എഞ്ചിനീയർ സാങ്കേതികാനുമതി നൽകുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ ടെണ്ടർ നടപടികൾ പൂർത്തീകരിക്കുകയും GKV Associates, Vallamattom എന്ന കരാറുകാരനെ 4 മാസം പ്രവർത്തന കാലാവധിയോടെ പ്രവർത്തികൾ ഏൽപ്പിക്കുകയും ചെയ്തു.
ഈ പ്രവൃത്തിയിൽ ഔഷധി ജംഗ്ഷൻ മുതൽ ഒക്കൽ സർവ്വീസ് സഹകരണ സംഘം വരെ 5.25 കിലോമീറ്റർ ദൂരം ശരാശരി 10-12 മീറ്റർ വീതിയിൽ ബിറ്റുമിൻ കോൺക്രീറ്റ് ഉപയോഗിച്ച് ഉപരിതലം പുതുക്കലും, ഔഷധി ജംഗ്ഷൻ വീതി കൂട്ടൽ, കലുങ്ക് പുനർ നിർമ്മാണം, കൂടാതെ റോഡ് സുരക്ഷ കണക്കിലെടുത്ത് റോഡ് മാർക്കിങ്ങുകളും, രാത്രി യാത്ര സുഗമമാക്കുന്നതിന് റിഫ്ളക്ടറുകൾ സ്ഥാപിക്കുന്ന മറ്റ് അനുബന്ധ പ്രവൃത്തികളും വിഭാവനം ചെയ്തിട്ടുണ്ട്.
3. കുറുപ്പംപടി കൂട്ടിയ്ക്കൽ റോഡ്
കുറുപ്പംപടി കൂട്ടിയ്ക്കൽ MDR റോഡിൽ ചെയിനേജ് 5000 മുതൽ 7/340 വരെയുള്ള ഭാഗമാണ് പെരുമ്പാവൂർ നിയോജകമണ്ഡലത്തി ഉൾപ്പെട്ട് വരുന്നത്. ഈ റോഡിൽ ചെയിനേജ് 0/850 മുതൽ 4/100 വരെയുള്ള 3.25 കിലോമീറ്റർ ദൂരം 2017-18 ബഡ്ജറ്റ് വർക്കിൽ ഉൾപ്പെടുത്തി ബി.എം & ബി.സി ചെയ്ത് 2019ൽ അഭിവൃദ്ധിപ്പെടുത്തിയിട്ടുള്ളതാണ്. കുറുപ്പംപടി പളളിപ്പടി ജംഗ്ഷൻ മുതൽ പാറ ജംഗ്ഷൻവരെ കി.മീ /000 മുതൽ 0/850 വരെയും, നെടുങ്ങപ്ര കനാൽ പാലം മുതൽ പയ്യാൻ ജംഗ്ഷൻ വരെ കി.മീ. 4/100 മുതൽ 6/340 വരെയുമുള്ള 3.09 കിലോമീറ്റർ ബി.എം.ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്നതിനാണ് ബഡ്ജറ്റ് വർക്ക് 2021-2022 ഉൾപ്പെടുത്തി പ്രവൃത്തി അനുവദിച്ചിരിക്കുന്നത്. കി.മീ 6/340 മുതൽ 7/340 വരെയുള്ള ഒരു കിലോമീറ്റർ നിർദ്ദിഷ്ട മലയോരഹൈവേയിൽ ഉൾപ്പെട്ട് വരുന്നതാണ്. ശ്രീ.പി.എൻ ഷാനവാസ് എന്ന കരാറുകാരൻ പ്രവൃത്തി കരാർ ഏറ്റെടുത്തിട്ടുള്ളതും 12 മാസം പ്രവർത്തന കാലാവധിയോടെ 14:03,2022ൽ സൈറ്റ് കൈമാറിയിട്ടുള്ളതുമാണ്.
പ്രസ്തുത പ്രവൃത്തിയിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങളിൽ GSB, WMM ഉപയോഗിച്ച് ഉയർത്തുന്ന പ്രവൃത്തികളും ടൈൽ വിരിയ്ക്കുന്ന പ്രവൃത്തികളും ഉപരിതലം ബി.എം& ബി.സി ചെയ്യുന്ന പ്രവൃത്തികളും ഉൾപ്പെടുത്തിയിട്ടുള്ളതാണ്. കൂടാതെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് 6 കലുങ്കുകളുടെ നിർമ്മാണവും റോഡ് സുരക്ഷാ പ്രവൃത്തികളും ടി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുളളതാണ്.
4.പുല്ലുവഴി കല്ലിൽ റോഡ്
6.750 കിലോമീറ്റർ നീളം വരുന്ന പുല്ലുവഴി കല്ലിൽ MDR റോഡ്, പുല്ലുവഴിയിൽ നിന്നാരംഭിച്ച് സംസ്ഥാന പാതയായ പാണിയേലി മൂവാറ്റുപുഴ റോഡിലെ വണ്ടമറ്റം ജംഗ്ഷനിൽ അവസാനിക്കുന്നു. ചരിത്ര പ്രസിദ്ധമായ ക്ഷേത്രമായ കല്ലിൽ ക്ഷേത്രത്തിലേയ്ക്കുള്ള പ്രധാനപ്പെട്ട റോഡാണ് പുല്ലുവഴി കല്ലിൽ റോഡ്, കി.മീ 000 മുതൽ 3000 വരെയും കി.മീ.4/000 മുതൽ 6000 വരെയുമുള്ള ഭാഗം 2019ൽ ക്ളോസ് ഗ്രേഡഡ് ചിപ്പിംഗ് കാർപ്പെറ്റ് ചെയ്ത് നവീകരിച്ചിട്ടുളളതാണ്. കി.മീ 3000 മരോട്ടിക്കടവ് മുതൽ 4/000 (ഷാപ്പുംപടി) വരെയും കി.മീ 6,000 (കല്ലിൽ ക്ഷേത്രം ) മുതൽ 6750 (വണ്ടമറ്റം ജംഗ്ഷൻ വരെയുമുള്ള 1750 കിലോമീറ്റർ വരുന്ന ബാക്കി ദൂരം ബി.എം. ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്നതിനാണ് ബഡ്ജറ്റ് 2021-2200 ഉൾപ്പെടുത്തി പ്രവൃത്തി അനുവദിച്ചിരിക്കുന്നത്. 224 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുള്ളതാണ്. ദിനു കെ ചന്ദ്രൻ എന്ന കരാറുകാരൻ പ്രവൃത്തി നടപ്പിലാക്കുന്നതിന് 1,80,32,780/- രൂപയ്ക്ക് കരാർ ഏറ്റെടുത്തിട്ടുള്ളതും 5 മാസ പ്രവർത്തന കാലാവധിയോടെ കൈമാറിയിട്ടുള്ളതുമാണ്. പ്രവൃത്തി നടപ്പിലാക്കുന്നതിന് സൈറ്റ് മേൽ പ്രവൃത്തിയിൽ വെളളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങളിൽ GSB, WMM ഉപയോഗിച്ച് ഉയർത്തുന്ന പ്രവൃത്തികളും ടൈൽ വിരിയ്ക്കുന്ന പ്രവൃത്തികളും ബി.എം. ബി.സി ചെയ്യുന്ന പ്രവൃത്തികളും ഉൾപ്പെടുത്തിയിട്ടുള്ളതാണ്. കൂടാതെ ആവശ്യം വരുന്ന ഭാഗങ്ങളിൽ കാന നിർമ്മാണവും റോഡ് സുരക്ഷാ പ്രവൃത്തികളും ടി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. യോഗത്തിൽ എക്സിക്യൂട്ടീവ് എൻജിനീയർ ഷിജി കരുണാകരൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പെരുമ്പാവൂർ നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, ഷിജി ഷാജി, മനോജ് തോട്ടപ്പിള്ളി, എൻ. പി അജയകുമാർ, പി പി അവറാച്ചൻ, ശിൽപ സുധീഷ്, ബേസിൽ പോൾ, ഷൈമി വർഗീസ്, മനോജ് മൂത്തേടൻ, ശാരദ മോഹൻ, വിവിധ പഞ്ചായത്തുകളിലെ മെമ്പർമാർ എന്നിവർ പങ്കെടുത്തു. നിരത്തു വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ കെ ദേവകുമാർ റിപ്പോർട്ട് അവതരിപ്പിച്ച യോഗത്തിൽ കുറുപ്പംപടി PWD സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ എം. കെ ജെസിയ കൃതജ്ഞത അറിയിച്ചു.