കുട്ടമ്പുഴ: കാലാവസ്ഥ വ്യതിയാനത്തിന്റെ കാലഘട്ടത്തിൽ വ്യത്യസ്ഥ കാച്ചിലുകളുടെ കാഴ്ചയൊരുക്കി കുട്ടമ്പുഴയിൽ കിഴങ്ങുൽസവം സംഘടിപ്പിച്ചു. ഇഞ്ചിക്കാച്ചിൽ, ഇറച്ചിക്കാച്ചിൽ, കല്ലൻ കാച്ചിൽ, കരടിക്കാലൻ, കടുവാക്കയ്യൻ, പരിശക്കോടൻ, അടതാപ്, തൂണൻ കാച്ചിൽ
തുടങ്ങിയ 40 ഇനം കാച്ചിലുകളാണ് പ്രദർശനത്തിന് വെച്ചത്. പ്രദർശനത്തോടൊപ്പം ഇഞ്ചിയും മഞ്ഞളും കാച്ചിലും ചെറുകിഴങ്ങുമടങ്ങിയ വിത്ത് കിറ്റുകളുടെ വിതരണവും നടന്നു.
മൺമറഞ്ഞുപോയ ഭക്ഷണ വൈവിധ്യവും കാർഷിക രീതികളും വീണ്ടെടുക്കാനും അതിലൂടെ പരിസ്ഥിതിയും ആരോഗ്യവും സംരക്ഷിക്കുവാനും വേണ്ടി നടത്തുന്ന യു എൻ ഡി പി – ഹരിത കേരളമിഷൻ സുസ്ഥിര ജൈവ ഉപജീവന സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കിഴങ്ങുൽസവത്തിന്റെ ഭാഗമായി കാച്ചിലിന്റെ പുഴുക്കും കപ്പയും കാപ്പിയും മീൻകറിയും ചമ്മന്തിയുമടങ്ങിയ ഭക്ഷണവുണ്ടായിരുന്നു.
പഞ്ചായത്തിൻ്റെയും സാലിം ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കിഴങ്ങുൽസവം’ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു.
യു എൻ ഡി പി ക്ലസ്റ്റർ കോ ഓഡിനേറ്റർ ശ്രീമതി ശിൽപ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ സിബി കെ എ അധ്യക്ഷത വഹിച്ചു. കിഴങ്ങുകളുടെ കിറ്റ് വിതരണോൽഘാടനം സാലിം അലി ഫൗണ്ടേഷൻ ഹോണററി ഡയറക്ടർ ഡോ. ലളിത വിജയൻ നടത്തി. കിഴങ്ങുവിളകളുടെ പ്രാധാന്യത്തെക്കുറിച്ചും കൃഷി രീതികളെക്കുറിച്ചും സജീവൻ ചെമ്പകണ്ടം ക്ലാസെടുത്തു. കൃഷി ഓഫീസർ ഷൈല,
ടോണി ജോസ് ( യു എൻ ഡി പി പ്രൊജക്ട് ഓഫീസർ) എന്നിവർ ആശംസകളർപിച്ച് സംസാരിച്ചു.
ഇൻഡിവിഡ്യുവൽ കൺസൾട്ടന്റായ കെ ലെനീഷ്, യു എൻ ഡി പി അക്കൗണ്ടന്റ് ശ്രീ അമ്പാടി, ശ്രീ കെ പി ഇല്യാസ്, ചന്ദന എൻ എസ് , റിനാസ് മുണ്ടക്കൽ (സാലിം അലി ഫൗണ്ടേഷൻ) ബേബി കോളനിപാലം എന്നിവർ സന്നിഹിതരായിരുന്നു. കുട്ടമ്പുഴയിലെ കർഷകർ കൂടാതെ അടിമാലിയിലെയും അതിരപ്പിള്ളിയിലെയും കർഷകർ പരിപാടിയിൽ പങ്കെടുത്തു.