കോതമംഗലം :- സംസ്ഥാന സർക്കാർ അധികാരമേറ്റെടുത്ത് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ കോതമംഗലം – കോട്ടപ്പടി,കുറുപ്പംപടി – കൂട്ടിക്കൽ – വാവേലി – പടിപ്പാറ റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. വീഡിയോ കോൺഫെറൻസ് വഴിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ വച്ച് നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 17 കിലോ മീറ്ററോളം വരുന്ന റോഡ് 15 കോടി രൂപ മുടക്കി ആധുനിക രീതിയിൽ ബി എം ബി സി നിലവാരത്തിലാണ് നവീകരിച്ചത്. വൈറ്റില ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ ദീപു എസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ മുൻ എം പി അഡ്വ. ജോയ്സ് ജോർജ്,കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശ അജിൻ,കെ എ ജോയി,ടി എം വർഗീസ്,പഞ്ചായത്ത് മെമ്പർമാർ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സംസാരിച്ചു.മൂവാറ്റുപുഴ ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ദീപ ടി സ്വാഗതവും ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗിരിജ എൻ പി നന്ദിയും പറഞ്ഞു.