കോതമംഗലം : കോവിഡ് പ്രതിസന്ധിയെ തുടർന്ന് കോതമംഗലത്ത് നിർത്തലാക്കിയ കെ എസ് ആർ ടി സി സർവീസുകൾ “ഗ്രാമ വണ്ടി” പദ്ധതിയിലുൾപ്പെടുത്തി പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കോതമംഗലം നിയോജക മണ്ഡലത്തിൽ കുട്ടമ്പുഴ ഉൾപ്പെടുന്ന ആദിവാസി മേഖല ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലേക്കുള്ള കെ എസ് ആർ ടി സി സർവീസുകൾ നിർത്തലാക്കിയിരുന്നു.കെ എസ് ആർ ടി സിയെ മാത്രം ആശ്രയിക്കുന്ന റൂട്ടുകളും ഇതിൽ ഉൾപ്പെടും. ഇതു മൂലം ജനങ്ങൾ വലിയ യാത്രാ ദുരിതം അനുഭവിക്കുകയാണെന്നും എം എൽ എ ഉന്നയിച്ചു. ആയതിനാൽ അടിയന്തിരമായി നിർത്തലാക്കിയ സർവ്വീസുകൾ പുനരാരംഭിക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.
കോതമംഗലം ഡിപ്പോയിൽ നിന്നും 8 സർവീസുകളാണ് നിർത്തലാക്കിയത്(1)വടാട്ടുപാറ(2)മുളവൂർ വഴി മൂവാറ്റുപുഴ(3)പല്ലാരിമംഗലം വഴി പരീക്കണ്ണി,(4)വെള്ളാരംകുത്ത് സ്റ്റേ(5)8.00 എറണാകുളം – മൂന്നാർ(6)കോടിക്കുളം വഴി തൊടുപുഴ,(7)മലയാറ്റൂർ വഴി ചാലക്കുടി,(8)ചാരുപാറ എന്നീ സർവീസുകൾ ആണ് നിർത്തലാക്കിയത്.
എന്നാൽ വടാട്ടുപാറ,ചാരുപാറ എന്നീ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.മറ്റ് സർവീസുകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് കെ എസ് ആർ ടി സി പുതിയതായി ആരംഭിക്കുന്ന “ഗ്രാമ വണ്ടി” പദ്ധതിയിലുൾപ്പെടുത്തി സർവീസ് നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു.