കോതമംഗലം :- കേരളത്തിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിട്ടുള്ള കോതമംഗലം നിയോജക മണ്ഡലത്തിലെ ഭൂതത്താൻകെട്ടിൽ 2018 ലെ പ്രളയത്തെ തുടർന്ന് അടിഞ്ഞു കൂടിയിട്ടുള്ള മണൽ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. ഇത് സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിവർഷം സ്വദേശിയരും വിദേശീയരുമായ രണ്ട് ലക്ഷത്തോളം വിനോദ സഞ്ചരികൾ വന്നു പോകുന്ന കേരളത്തിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഭൂതത്താൻകെട്ട്. എന്നാൽ പ്രളയം മൂലം വലിയ തോതിൽ പടവുകളിൽ അടിഞ്ഞു കൂടിയിട്ടുള്ള മണൽ ഇവിടത്തെ ടൂറിസം വികസനത്തിനു കൂടി തടസ്സമായിമാറിയിരിക്കുകയാണ്. മേൽ സാഹചര്യത്തിൽ അടിയന്തിരമായി മണൽ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു. ഭൂതത്താൻകെട്ടിൽ പ്രളയം മൂലം പടവുകളിൽ മണൽ അടിഞ്ഞു കൂടിയിട്ടുള്ളത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. 2022-23 ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി മണൽ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു.