കോതമംഗലം : കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾ ഉണ്ടായിട്ടും ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് – അനിയ യാക്കോബായ സുറിയാനി വലിയ പള്ളി ഭരണ സമിതിയും ഭക്ത സംഘടനകളും ആശ്രയമില്ലാത്ത പാവപ്പെട്ടവരോട് കരുണ കാണിക്കുന്നത് ശ്ലാഘനീയം ആണെന്ന് ആന്റണി ജോൺ എംഎൽഎ പറഞ്ഞു. കോതമംഗലം മേഖലയിലെ യാക്കോബായ സുറിയാനി സഭയുടെ പുരാതന ദൈവാലയങ്ങളിൽ ഒന്നായ ചേലാട് ബെസ് – അനിയ പള്ളിയുടെ ശതോത്തര കനക ജൂബിലിയുടെ ഭാഗമായി നിർമിച്ചു നൽകുന്ന മൂന്നാമത്തെ ഭവനം നാടുകാണി വെട്ടിക്കാട്ടിൽ പുത്തൻപുര കുടുംബത്തിന് വേണ്ടി തറക്കല്ലിടുന്ന ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്ര പ്രസിദ്ധമായ ചേലാട് പള്ളിയുടെ വരുമാനത്തിൽ നിന്നും ലഭിക്കുന്ന തുകയിൽ ചിലവുകൾ കഴിച്ച് മിച്ചം പിടിക്കുന്നതും സുമനസ്സുകൾ സംഭാവനയായി നൽകുന്ന കൈത്താങ്ങലുകളും അശരണരായവർക്ക് നൽകുന്നത് വലിയ പുണ്യ പ്രവർത്തനമാണെന്നും എംഎൽഎ പറഞ്ഞു. ചേലാട് പള്ളി വികാരി ഫാ.ബേബി മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു.
നാടുകാണി സെന്റ് തോമസ് പള്ളി വികാരി ഫാ.ജോൺ, ചേലാട് പള്ളി സഹവികാരിമാരായ ഫാ. ബേസിൽ ഇട്ടിയാണിക്കൽ,ഫാ. ജിതിൻ പുന്നക്കൽ,ഇടവകാംഗമായ ഫാ. ബെൻ സ്റ്റീഫൻ മാത്യു കല്ലുങ്കൽ,ട്രസ്റ്റിമാരായ ജോർജ്ജുകുട്ടി ഏലിയാസ് മുണ്ടയ്ക്കമാലിക്കുടി,എൽദോസ് പി കെ പൊയ്ക്കാട്ടിൽ,എഡ്യൂക്കേഷൻ മാനേജർ ക്ലൈറ്റ്സ് വർഗീസ്,ബെസ് – അനിയ പബ്ലിക് സ്കൂൾ ചെയർമാൻ വി എം ജോയി വെട്ടിക്കൽ,കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ,പഞ്ചായത്ത് മെമ്പർ ഗോപി മുട്ടത്ത്, മുൻസിപ്പൽ കൗൺസിലർ സിജോ വർഗീസ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.