കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ വന്യമൃഗശല്യം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും, വന്യജീവി ശല്യം മൂലം നാശനഷ്ടങ്ങൾ സംഭവിച്ചവർക്കുള്ള നഷ്ടപരിഹാര തുക വേഗത്തിൽ വിതരണം ചെയ്യുമെന്നും വനം വകുപ്പ് മന്തി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കോതമംഗലം മണ്ഡലത്തിലെ കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ, കീരംപാറ,കവളങ്ങാട് തുടങ്ങിയ പഞ്ചായത്തുകളിൽ കാട്ടാന അടക്കമുള്ള വന്യമൃഗ ശല്യം രൂക്ഷമാകുന്നത് എം എൽ എ സഭയുടെ ശ്രദ്ധയിൽ പെടുത്തി.
വന്യമൃഗ ശല്യം മൂലം മേൽ പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളവർക്കുള്ള നഷ്ടപരിഹാര തുക വേഗത്തിൽ ലഭ്യമാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.അതോടൊപ്പം മേൽ പ്രദേശങ്ങളിലെ വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് സംസ്ഥാന തലത്തിൽ തയ്യാറാക്കിയിട്ടുള്ള കർമ്മ പദ്ധതിയിൽ കോതമംഗലം മണ്ഡലത്തിന് മുൻഗണന നല്കി വന്യമൃഗ ശല്യം പരിഹരിക്കുന്നതിനു വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു. കോതമംഗലം മണ്ഡലത്തിലെ കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ, കീരംപാറ,കവളങ്ങാട് തുടങ്ങിയ പഞ്ചായത്തുകളിലെ വന്യമൃഗ ശല്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതു മൂലം കാർഷിക വിളകൾക്കും വളർത്തുമൃഗങ്ങൾക്കും നാശം വരുത്തുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ ഫലപ്രദമായി പട്രോളിങ്ങ് നടത്തി വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പരമാവധി ലഘൂകരിക്കുന്നതിന് ശ്രമിച്ച് വരുന്നു.
വന്യജീവികൾ ജനവാസ മേഖലക്ക് സമീപം എത്തിയാൽ അറിയിക്കുന്നതിനായി ടെലഫോൺ നമ്പറുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. രാപ്പകൽ വ്യത്യാസമില്ലാതെ ഫോൺ കോളുകൾ സ്വീകരിച്ച് ഉടൻ തന്നെ സ്ഥലത്ത് എത്തിച്ചേർന്ന് വന്യജീവികളെ തിരികെ കാട്ടിലേക്ക് കയറ്റി വിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. സ്പെഷൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സിന്റേയും, താൽക്കാലിക വാച്ചർ മാരെയും ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ള സ്ക്വാഡുകളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തി വരുന്നു.വന്യജീവി ആക്രമണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ സൗരോർജ്ജ വേലികൾ നിർമ്മിച്ച് വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി ജനജാഗ്രത സമിതികൾ യോഗം വിളിച്ചു ചേർത്ത് നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി നടപടികൾ സ്വീകരിക്കുന്നുണ്ട്. കോട്ടപ്പടി പ്രദേശത്തെ സൗരോർജ വേലിയോട് ചേർന്ന മുപ്പത് മീറ്ററിനുള്ളിലെ അക്വേഷ്യ മരങ്ങൾ മുറിച്ച് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വന്യജീവികൾ ജനവാസ മേഖലകളിൽ ഇറങ്ങുന്ന സംഭവം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിൽ ആന പ്രതിരോധ സൗരോർജ്‌ജ വേലികൾ/ഹാങ്ങിങ്ങ് സൗരോർജ വേലികൾ / ആന കിടങ്ങുകൾ തുടങ്ങിയവ സ്ഥാപിക്കുന്ന കാര്യം പുരോഗമിക്കുന്നു.
വന്യ മൃഗ ആക്രമണം മൂലം കാർഷിക വിളകൾക്ക് നാശനഷ്ടം സംഭവിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ലഭ്യമാകുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ 2021 – 22 വർഷങ്ങളിലായി കോതമംഗലം മണ്ഡലത്തിൽ നിന്നും ഇത്തരത്തിലുള്ള 215 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വന്യജീവി ശല്യം മൂലം ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള അപേക്ഷകളിൽ സമയബന്ധിതമായി നഷ്ടപരിഹാര തുക നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നുണ്ട്. പ്രസ്തുത നഷ്ടപരിഹാര തുക താമസം വിനാ വിതരണം ചെയ്യുന്നതാണ്. കോതമംഗലം മണ്ഡലത്തിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ സോളാർ ഫെൻസിങ്ങ്, സോളാർ പവർ ഹാങ്ങിഗ്,ഫെൻസിങ്ങ്,ആന കിടങ്ങുകൾ തുടങ്ങിയവ സംസ്ഥാന തലത്തിൽ തയ്യാറാക്കിയിട്ടുള്ള കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.