കോതമംഗലം: പുന്നേക്കാട് ഗത്സീമോൻ സെന്റ്.ജോർജ്‌ജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ കൊണ്ടിമറ്റം സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ചാപ്പലിനടുത്ത് മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരി.എൽദോ മോർ ബസേലിയോസ് ബാവയുടെ നാമധേയത്തിൽ പുനർനിർമ്മിച്ച കുരിശുപള്ളിയുടെ കൂദാശയും വി.സ്ലീബാ സ്ഥാപന ശുശ്രൂഷയും വ്യാഴാഴ്ച വൈകിട്ട് 5.30ന് യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും, കാതോലിക്കേറ്റ് അസിസ്റ്റന്റുമായ അഭി.ഡോ.ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നിർവ്വഹിക്കും.
കൊണ്ടിമറ്റം സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ചാപ്പലിലെ പ്രധാന പെരുന്നാളായ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചാണ് ചാപ്പലിന് പടിഞ്ഞാറ് വശത്ത് പുനർ നിർമ്മിച്ച കുരിശ് പള്ളിയുടെ കൂദാശ.
വൈകിട്ട് 5ന് ചാപ്പലിൽ പെരുന്നാൾ കൊടിയേറ്റ് നടത്തും. തുടർന്ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ എൽദോ മോർ ബസേലിയോസ് ബാവയുടെ കബറിങ്കലെ കെടാവിളക്കിൽ നിന്ന് പകർന്ന ദീപശിഖ മാതൃദൈവാലയമായ പുന്നേക്കാട് ഗത്സീമോൻ സെന്റ്.ജോർജ്‌ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് കുരിശിൻ തൊട്ടിയിലെത്തിക്കും. കുരിശിൻതൊട്ടിയിൽ പാത്രിയർക്കാ പതാക ഉയർത്തിയതിന് ശേഷം കൂദാശ നടക്കും. തുടർന്ന് സന്ധ്യാ പ്രാർത്ഥനയും, പാലമറ്റം മോർ ഇഗ്നാത്തിയോസ് ഏലിയാസ് ബാവ കുരിശിങ്കലേക്ക് പ്രദക്ഷിണം നടക്കും.
പ്രധാന പെരുന്നാൾ ദിവസമായ വെള്ളിയാഴ്ച രാവിലെ 7.15ന് പ്രഭാത നമസ്ക്കാരം. 8ന് കോതമംഗലം മേഖലാധിപൻ അഭി.ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി.മൂന്നിൻമേൽ കുർബ്ബാനയും തുടർന്ന് വടക്ക്, പടിഞ്ഞാറ് കുരിശിങ്കലേക്ക് പ്രദക്ഷിണം, ആശീർവാദം, നേർച്ച വിളമ്പ്, ലേലം, കൊടിയിറക്ക് എന്നിവ നടക്കും. കുരിശ് പള്ളി കൂദാശയും, പെരുന്നാൾ ചടങ്ങുകളും ബസേലിയോൻ മീഡിയയിലൂടെ തത്സമയം ലഭ്യമായിരിക്കും.