കോതമംഗലം : ആലുവ – മൂന്നാർ റോഡ് നാലു വരിയാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.ആലുവ – മുതൽ കോതമംഗലം കോഴിപ്പിള്ളി ബിഷപ്പ് ഹൗസ് ജംഗ്ഷൻ വരെ വരുന്ന പ്രസ്തുത റോഡിന്റെ ദൈർഘ്യം 38 കിലോമീറ്റർ ആണ്. ഒന്നാം പിണറായി സർക്കാരാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി ഈ പദ്ധതി പ്രഖ്യാപിച്ചത്. 23 മീറ്റർ വീതിയിൽ നാല് വരിയായി ആണ് റോഡ് നിർമിക്കാൻ തീരുമാനിച്ചിട്ടുള്ളത്. വളവുകൾ പരമാവധി ഒഴിവാക്കാൻ കഴിയുന്ന വിധമാണ് അലൈൻമെന്റ് തയ്യാറാക്കി വരുന്നത്. തങ്കളം – മലയിൻകീഴ് ബൈപ്പാസും, മലയിൻകീഴ് – കോഴിപ്പിള്ളി ബൈപ്പാസും ഈ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 1051 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.
റോഡിന്റെ ഫൈനൽ അലൈൻമെന്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി കോതമംഗലം നിയോജക മണ്ഡലത്തിൽ വരുന്ന പ്രദേശങ്ങളിൽ ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ ഉന്നത തല സംഘം സ്ഥല പരിശോധന നടത്തി. കിഫ്ബി
എക്സിക്യൂട്ടീവ് ഡയറക്ടർ കെ പി പുരുഷോത്തമൻ, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ മിനി മാത്യു, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,കിഫ്ബി കൺസൾട്ടന്റ്
സന്ദീപ് ആർ ജി, കിഫ്ബി ടെക്നിക്കൽ എക്സ്പർട്ട് എൽദോ പൗലോസ്, കെ ആർ എഫ് ബി അസിസ്റ്റന്റ് എഞ്ചിനീയർ മുഹ്സിന കെ പി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.