കോതമംഗലം : കോതമംഗലം കോട്ടപ്പടി റോഡിൽ ആയക്കാട് സ്ഥിതിചെയ്യുന്ന അതി പുരാതന ക്ഷേത്രമായ ആയക്കാട് മഹാദേവ ക്ഷേത്ര മതിൽ പൊളിച്ചു മാറ്റി യഥാർത്ഥ അതിർത്തിയിൽ നിന്നും അഞ്ചടിയോളം വീതിയിൽ അകത്തേക്ക് മാറ്റി സംരക്ഷണമതിൽ കെട്ടാനുള്ള ശ്രമമാണ് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്റും സെക്രട്ടറിയുമടങ്ങുന്ന സംഘം നടത്തിയത്. വിവരം അറിഞ്ഞെത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകരും വിശ്വാസികളും ചേർന്ന് ക്ഷേത്ര സ്വത്ത് അന്യാധീന പെടുത്താനുള്ള ശ്രമം തടഞ്ഞു. സംഘർഷ സാഹചര്യത്തിൽ പോലീസ് ഇടപെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു.
കൊച്ചി വടുതല ഊരാണ്മ ദേവസ്വത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ആയക്കാട് മഹേദേവ ക്ഷേത്രവും സ്വത്തുക്കളും. ക്ഷേത്ര സ്വത്ത് സംരക്ഷണ ത്തിന്റെ പേരിൽനടക്കുന്ന മരാമത്ത് പണികളിൽ ഉൾപ്പെടുത്തിയാണ് ഭരണ സമിതി ഈ അന്യായം ചെയ്തത് . ക്ഷേത്ര ഭൂമിയിലെ തേക്ക് ഉൾപ്പെടെ ഏതാനും മരങ്ങൾ മുറിച്ചു മാറ്റുന്നതിനും ക്ഷേത്രത്തിന് ബാധ്യത ഉണ്ടാക്കാത്തവിധമുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്താനും ബോർഡ് ഭരണ സമിതിക്ക് അനുവാദം നൽകിയിരുന്നു . എന്നാൽ അതിർത്തിയിൽ നിന്നും അഞ്ചടി വീതിയിൽ നാല്പത് മീറ്ററോളം നീളത്തിലുള്ള സ്ഥലം വിട്ടുകളഞാണ് പുതിയ മതിലിന്റെ നിർമ്മാണം ഭരണ സമിതി തുടങ്ങിയത്.
നിർമ്മാണം പൂർത്തിയായാൽ വളരെ അധികം സ്ഥലം ക്ഷേത്രത്തിന് നഷ്ട്ട പ്പെടുമായിരുന്നു. ക്ഷേത്രത്തിന് മുന്നിലൂടെ പോകുന്ന പൊതുമരാമത്ത് വകുപ്പ് റോഡിൽ നിലവിൽ പൊതുമരാമത്ത് വകുപ്പ് വീതി കൂട്ടലോ മറ്റ് യാതൊരു നവീകരണ പ്രവർത്തനവും നടക്കാത്ത സാഹചര്യത്തിൽ ഇത്രയും സ്ഥലം വിട്ടു കളയാൻ ഭരണ സമിതി കാണിച്ച തിടുക്കത്തിൽ ദുരൂഹതയുണ്ടെന്ന് വിശ്വാസികൾ ആരോപിച്ചു.
ക്ഷേത്ര കമ്മിറ്റി അംഗങ്ങളെ പോലും അറിയിക്കാതെ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് എടുത്ത തീരുമാനമാനിതെന്ന് മറ്റ് അംഗങ്ങൾ ആരോപിക്കുന്നുണ്ട്. ഭാവിയിൽ റോഡിന് വീതി കൂട്ടുമ്പോൾ ക്ഷേത്ര ഭൂമിയുടെ എതിർ വശത്തുള്ള കമ്മിറ്റി ഭാരവാഹികളുടെ സ്ഥലവും കെട്ടിടവും റോഡിന് വിട്ട് കൊടുക്കാതെ ക്ഷേത്ര ഭൂമി വിട്ട് കൊടുത്ത് അവിടെ വീതി കൂട്ടി ഇടാനുള്ള മുൻകൂട്ടിയുള്ള തന്ത്രമണിപ്പോൾ ചില കമ്മിറ്റി അംഗങ്ങൾ കാണിക്കുന്നത് എന്ന ആക്ഷേപവും നിലനിൽക്കുന്നു.
ക്ഷേത്ര സ്വത്ത് ഒരിഞ്ച് പോലും അന്യയമായി വിട്ടുകളയാൻ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യ വേദി താലൂക്ക് സെക്രട്ടറി വി എം മണി പറഞ്ഞു. ദേവസ്വം ബോർഡിന്റെയോ വിശ്വാസികളുടെയോ അനുവാദം കൂടാതെയാണ് പതിനൊന്ന് അംഗ ഭരണ സമിതിയിലെ മൂന്നോ നാലോ പേര് അടങ്ങുന്ന സംഘം ഈ ദുഷ് പ്രവർത്തി ചെയ്തത്. മതിൽ പൂർവ്വ സ്ഥലത്ത് തന്നെ പുനർ നിർമ്മിക്കണമെന്നാണ് ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നത്.