- ജെറിൽ ജോസ് കോട്ടപ്പടി.
കോട്ടപ്പടി : കുടിവെള്ള പദ്ധതി ഉണ്ടായിട്ടും ഒരിറ്റു വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ പെട്ട വാവേലി നിവാസികൾ. കഴിഞ്ഞ ഇരുപത്തി നാല് ദിവസമായി വാവേലി കവലയിലും, 32ദിവസമായി മോസ്കോ കുന്നിലെ പരിസര പ്രദേശത്തും കുടിവെള്ളം എത്തിയിട്ടില്ല. പെരിയാറിൽനിന്നും പേഴാട് പമ്പിൽ എത്തിക്കുന്ന വെള്ളം അവിടെ ഫിൽറ്റർ ചെയ്തശേഷം കല്ലുമല യിലുള്ള ടാങ്കിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അവിടെനിന്നാണ് വിതരണത്തിന് ഈ വാവേലി ഭാഗത്തേക്ക് വെള്ളം കൊണ്ടു പോകുന്നത്. കല്ലുമലയിൽ നിന്നും മാവേലിക്ക് വെള്ളം കൊണ്ടുപോകുന്ന പൈപ്പുകൾ എല്ലാം തന്നെ കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്.
കുടിവെള്ളത്തിനായി ആളുകൾ നെട്ടോട്ടമോടുമ്പോൾ വഴിയിലുടനീളം പൈപ്പ് പൊട്ടി ചോർന്നൊലിച്ചു കുടിവെള്ളം പാഴാക്കുകയാണ്. പൊട്ടിയ പൈപ്പുകൾ കൃത്യമായി അടയ്ക്കാതെ ചെരിപ്പ് കൊണ്ടുപോലും തുള അടച്ചു തടി തപ്പുകയാണ് വാട്ടർ അതോറിറ്റി. കോട്ടപടി പഞ്ചായത്തിൽ സൗജന്യ സേവനം നടത്തുന്ന ഒരുമയാണ് നിലവിൽ കുടിവെള്ളത്തിനായി നാട്ടുകാരുടെ ഏക ആശ്രയം.
നിലവിൽ കുടിവെള്ളപ്രശ്നം രൂക്ഷമാവുകയാണ്, മൂന്നാം വാർഡിൽ പലയിടത്തും വെള്ളം പൊട്ടി പോകുന്നതുമൂലം ആളുകളിലേക്ക് കൃത്യമായി വെള്ളം എത്തുന്നില്ല. കഴിഞ്ഞവർഷം മാർച്ച് മാസത്തോടുകൂടി കുടിവെള്ളക്ഷാമം അനുഭവപ്പെട്ട പ്രദേശത്ത് ജനുവരി മാസം ആയപ്പോഴേക്കും കുടിവെള്ളം ഇല്ലാത്തത് ഏറെ ആശങ്ക ഉളവാക്കുന്നുണ്ട്. വാട്ടർ അതോറിറ്റി ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്ന് വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ വ്യക്തമാക്കുന്നു.