കോതമംഗലം : നെല്ലിക്കുഴി -പിണ്ടിമന പഞ്ചായത്തുകളുടെ അതിർത്തിയായ തൃക്കാരിയൂർ മുല്ലേക്കടവ് പാലത്തിനിരുവശങ്ങളിലുള്ള വിജനമായ പറമ്പുകളും ചിറ്റേക്കാട്ടുകാവിന്റെ സമീപത്തുകൂടി പോകുമ്പോഴുള്ള മാണിയാട്ട് കുളിക്കടവും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനക്കും , കഞ്ചാവ് വലിക്കുവാനുമെത്തിയ യുവാക്കളെ ഇന്നലെ രാത്രി 8 മണിക്ക് എക്സൈസ് സംഘം ഓടിച്ചിട്ടും, വാഹങ്ങളിൽ ചെയ്സ് ചെയ്‌തും പിടികൂടി. ഈ മേഖലകൾ കേന്ദ്രീകരിച്ച് മദ്യപാന സംഘവും കഞ്ചാവ് മയക്കുമരുന്ന് മാഫിയകളും വിലസുന്നത് പതിവാണ്. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ഭാഗത്തുനിന്നും നിരവധി പരാതികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാളുകളായി തൃക്കാരിയൂരിന്റെ വിവിധ പ്രാദേശങ്ങളിൽ കഞ്ചാവ് വില്പന നടക്കുന്നു എന്ന വിവരം അറിഞ്ഞ് രഹസ്യ പരിശോധനക്ക് കഴിഞ്ഞ രാത്രി 8 മണിക്ക് മുല്ലേക്കടവിന്റെയും മാണിയാട്ട് കടവിന്റെയും ഭാഗങ്ങളിൽ മഫ്റ്റിയിൽ എത്തിയ എക്സൈസ് സംഘത്തെക്കണ്ട് അവിടെ തമ്പടിച്ചിരുന്ന ഗ്യാങ്ങുകൾ ചിതറിയോടി. ഇരുചക്ര വാഹനത്തിൽ കയറി തടത്തിക്കവല ഭാഗത്തേക്ക് രക്ഷപെട്ടപ്പോൾ, വാഹനത്തെ ചെയ്സ് ചെയ്ത് റോഡിൽ വാഹനം കുറുകെ തടഞ്ഞ് രണ്ട് പേരെ പിടികൂടി. ഒരാളെ സംശയാസ്പദമായി കസ്റ്റഡിയിലെടുത്തു. ഇവരെയും ഇവരുടെ സ്കൂട്ടറും പരിശോധിച്ചപ്പോൾ ഇവരുടെ പക്കൽ നിന്നും കഞ്ചാവും, കഞ്ചാവ് പൊടി ചുരുട്ടി വലിക്കാൻ ഉപയോഗിക്കുന്ന പേപ്പറുകളും സഹിതം കണ്ടെടുത്തു.
കോതമംഗലം റേഞ്ച് ന്യൂയറി നോടനുബന്ധിച്ച് കോതമംഗലത്ത് റേഞ്ച് ഇൻസ്‌പെക്ടർ ഹിറോഷ് വി ആറിന്റെയും അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ജോർജ് ജോസഫിന്റെയും നേതൃത്വത്തിൽ നടന്ന റെയിഡിൽ കോതമംഗലം മലയൻകീഴ്, തൃക്കാരിയൂർ തടത്തികവല ഭാഗത്ത് നിന്നും 20ഗ്രം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് പിണ്ടിമന വില്ലേജ് മുത്തംകുഴി കരയിൽ പുതുപ്പിലേടം വീട്ടിൽ ജയൻ മകൻ അരവിന്ദ്, കുട്ടമംഗലം വില്ലേജ് നെല്ലിമറ്റം കരയിൽ മഞ്ഞോടത്തിൽ വീട്ടിൽ സാജു മകൻ അഖിൽ,നെല്ലിമറ്റം കരയിൽ പയ്യാറ്റിൽ വീട്ടിൽ ഷാജി മകൻ ആൽഫിൻ എന്നിവരെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ പ്രിവൻറ്റീവ് ഓഫീസർ കെ റ്റി സാജു സി ഇ ഒ മാരായ ഇയാസ് പി പി, കൃഷ്ണകുമാർ എ എം, റസാഖ് കെ എ, ബിജു ഐസക് എന്നിവർ ഉണ്ടായിരുന്നു.
മുല്ലേക്കടവ് റോഡിൽ പാലത്തിന് താഴെയും, ചിറ്റേക്കാട്ട് കാവിന് താഴെയുള്ള ഭാഗത്തുമാണ് ഇവർ സ്ഥിരമായി തമ്പടിച്ചിരുന്നത്. തോട്ടിൽ കുളിക്കാൻ വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും, ഇതുവഴി പോകുന്ന യാത്രക്കാർക്കും സഹിതം പ്രദേശവാസികൾക്കെല്ലാം അന്യ സ്ഥലത്തുനിന്നുമെത്തുന്ന ഈ മദ്യപാന സംഘവും,കഞ്ചാവ് വലിക്കുവാനും, വിൽപ്പനക്കുമായുമെത്തുന്നസംഘവും ശല്യവും ഭീഷണിയായി മാറിയപ്പോൾ ആണ് നാട്ടുകാർ എക്സൈസിനെ വിവരം അറിയിച്ചത്. കഞ്ചാവ് വിൽപ്പനയുടെ പ്രധാന ഏജന്റുമാർ ഈ പ്രദേശത്ത് വന്നിരുന്ന് മൊബൈലിൽ എസ് എം എസ് വഴിയോ , നവ മാധ്യമങ്ങളായ വാട്സ്ആപ്പിലോ, ഫേസ് ബുക്കിലോ ഇവരുടെ ഇടയിലുള്ള രഹസ്യ കോഡുകൾ സന്ദേശമായി അയച്ച് സന്ദേശം കൈമാറിയ ശേഷം, ഓരോരുത്തരായി പല സ്ഥലങ്ങളിൽ നിന്നും പല സമയങ്ങളിലെത്തി കഞ്ചാവ് പൊതികൾ വാങ്ങിക്കൊണ്ട് പോകുകയാണ് പതിവെന്ന് പിടി കൂടിയവർ പറയുന്നു. കഞ്ചാവ് വിതരണകേന്ദ്രമായും പ്രദേശത്തെ ഈ മാഫിയ മാറ്റിയിരിക്കുന്നു. സ്കൂൾ കോളേജ് വിദ്യാത്ഥികൾ സഹിതം ഇതിന് പിന്നിലുണ്ടെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. പോലീസും എക്സൈസും മേഖലകളിൽ കൃത്യമായ ഇടവേളകളിൽ നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.