കോതമംഗലം: ആതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരത്തിന് പോയ കുട്ടമ്പുഴ പയ്യാലിൽ ബേബിയുടെ മകൻ അലന് പരിക്കേറ്റു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോർട്ടിലാണ് അലനും സുഹൃത്തുക്കളും തങ്ങിയിരുന്നത്. ഇന്നലെ രാവിലെ റിസോർട്ട് വളപ്പിൽ നടക്കാനിറങ്ങിയതിനിടയിൽ ആന ഓടിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഒടുന്നതിനിടയിൽ അലനെ തുമ്പികൈകൊണ്ട് തട്ടിതെറിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ആന പുഴ കടന്ന് എത്തിയതാകാമെന്നാണ് നിഗമനം. പരിക്കേറ്റ അലനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറമേ കാര്യമായ പരിക്കുകൾ ഇല്ലെങ്കിലും അന്തരിക അസ്വസ്തകളെ തുടർന്ന് നിരീക്ഷണത്തില്‍ തുടരുകയാണ് അലൻ.
ആനയടക്കമുള്ള വന്യജീവികൾ കയറാതിരിക്കാനായി ഫെൻസിങ്ങോ സംരക്ഷണ വേലിയോ ഇല്ല. ഇതുവഴി മൃഗങ്ങൾക്ക് പുഴ കടന്ന് റിസോർട്ട് വളപ്പിലേക്ക് കയറാൻ എളുപ്പമാണ്. ഈ വിവരം അറിയാമായിരുന്നിട്ടും ഇക്കാര്യം മറച്ചുവെച്ചാണ് റിസോർട്ട് അധികൃതർ വിനോദ സഞ്ചാരികളെ താമസിപ്പിക്കുന്നത്. കൃത്യമായ ജാഗ്രതാ നിർദേശം വിനോദസഞ്ചാരികൾക്ക് ലഭിക്കാതിരുന്നതാണ് ആക്രമണത്തിന് വിധേയരാകാൻ കാരണം.