കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ എം എൽ എ നടപ്പിലാക്കി വരുന്ന “ശുഭയാത്ര” (സ്കൂൾ കുട്ടികൾക്കായുള്ള സുരക്ഷിത യാത്ര)പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 8 സ്കൂളുകൾക്ക് സ്കൂൾ ബസ്സ് വാങ്ങുന്നതിനായി 1.60 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നാണ് ഇതിനാവശ്യമായ തുക അനുവദിച്ചത്.
1.നെല്ലിക്കുഴി ദയാ ബഡ്സ് സ്കൂൾ
2.വാരപ്പെട്ടി ഗവൺമെൻ്റ് എൽ പി സ്കൂൾ
3.തലക്കോട് ഗവൺമെൻ്റ് യു പി സ്കൂൾ
4.തട്ടേക്കാട് ഗവൺമെൻ്റ് യു പി സ്കൂൾ
5.വെണ്ടുവഴി ഗവൺമെൻ്റ് എൽ പി സ്കൂൾ
6. ഇളങ്ങവം ഗവൺമെൻ്റ് എൽ പി സ്കൂൾ
7. കുട്ടമ്പുഴ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ
8. കുറ്റിയാംചാൽ ഗവൺമെൻ്റ് എൽ പി സ്കൂൾ
എന്നിങ്ങനെ 8 സ്കൂളുകൾക്ക് സ്കൂൾ ബസ്സ് വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.സ്കൂൾ ബസ്സ് അനുവദിച്ചതോടെ പ്രസ്തുത സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ യാത്ര കൂടുതൽ എളുപ്പമാകുമെന്നും,കൂടുതൽ കുട്ടികൾ പൊതു വിദ്യാലയങ്ങളിലേക്കെത്തുവാൻ പ്രേരണയാകുമെന്നും എം എൽ എ പറഞ്ഞു.
സ്കൂൾ ബസ്സ് വാങ്ങുന്നതിനായുള്ള ടെണ്ടർ നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.ശുഭയാത്ര പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഗവൺമെൻ്റ് എൽ പി എസ് കോഴിപ്പിള്ളി,ഗവൺമെൻ്റ് യു പി സ്കൂൾ ചെങ്കര,ഗവൺമെൻ്റ് യു പി സ്കൂൾ ചേലാട് എന്നീ സ്കൂളുകളിൽ നേരത്തെ സ്കൂൾ ബസ്സുകൾ അനുവദിച്ചിരുന്നു.തുടർന്നും “ശുഭയാത്ര ” പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ കൂടുതൽ സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കുമെന്നും എം എൽ എ പറഞ്ഞു.