- ഷാനു പൗലോസ്
കോതമംഗലം: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കാൻ കേരളാ സർക്കാർ നിയമം നിർമ്മിക്കുകയാണെങ്കിൽ അത് കോടതി അംഗീകരിക്കും. ഇത്തരം നിയമം വന്നാൽ അത് വേഗത്തിൽ നടപ്പിൽ വരുത്തുന്നതിന് കോടതിക്കും ബാധ്യസ്ഥതയുണ്ട്. മലങ്കര സഭാ തർക്കത്തിൽ നിയമം നിർമ്മിക്കുവാൻ അധികാരമില്ലെന്ന് ഓർത്തഡോക്സ് വിഭാഗം അഡ്വക്കേറ്റ് ഉന്നയിച്ചപ്പോഴായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പ്രതികരണം.
കോതമംഗലം മാർ തോമ ചെറിയ പള്ളി കേസ് 2021 ഡിസംബർ 21ന് വീണ്ടും പരിഗണിക്കുന്നതിനും അന്നേ ദിവസം ഭരണ പരിഷ്ക്കാര കമ്മിഷൻ സമർപ്പിച്ചിരിക്കുന്ന തർക്ക ഇടവകകളിൽ ഹിത പരിശോധന ശുപാർശ നടപ്പിൽ വരുത്തുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കി കൊണ്ട് സംസ്ഥാന ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
കോതമംഗലം മാർ തോമ ചെറിയ പള്ളി കേസുമായി ബന്ധപെട്ട റിട്ട് അപ്പീലും, കോടതിയലക്ഷ്യ കേസും ഒന്നിച്ച് ഡിവിഷൻ ബെഞ്ച് പരിഗണിക്കവെയാണ് സുപ്രധാന ഉത്തരവ്. സഭാ തർക്കത്തിൽ കോടതി ഉത്തരവ് മൂലം നിരവധി ആളുകൾ പള്ളിയിൽ നിന്ന് പുറത്താക്കപ്പെടുന്നതായി കോടതി കാണുന്നുണ്ടെന്നും വാക്കാൽ പറഞ്ഞു. വിധി നടപ്പാക്കണമെങ്കിൽ യാഥാർത്ഥ്യങ്ങളും, അവസ്ഥകളും, ആഭ്യന്തര സുരക്ഷയും പരിഗണിക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു.
കുറിഞ്ഞി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി ഓർത്തഡോക്സ് സഭയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചപ്പോഴും സർക്കാരിന്റെ ഇടപെടലുകൾ സ്വാഗതം ചെയ്യുന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഓർത്തഡോക്സ് സഭയുടെ സീനിയർ അഭിഭാഷകൻ കെ. വിശ്വനാഥൻ ഈ കേസ് ഉടനെ പരിഗണിക്കണമെന്നും, 2017 ജൂലൈ 3 ലെ വിധി ഈ പള്ളിക്കും ബാധകമാണെന്നും ഈ കേസ് ഇപ്പോൾ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, സർക്കാർ ഈ വിഷയം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും, അത് കൊണ്ട് കേസ് ആറാഴ്ചത്തേക്ക് നീട്ടി വയ്ക്കണമെന്നും യാക്കോബായ സഭയുടെ സീനിയർ അഭിഭാഷകനായ അഡ്വ.വി.ഗിരി നൽകിയ കത്ത് കോടതി സ്വീകരിച്ച് കേരളാ സർക്കാരിന് സമയം അനുവദിച്ചു. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ 2022 ഫെബ്രുവരി മാസം ഈ കേസിന്റെ വാദം പൂർത്തിയാക്കാനും ഉത്തരവായി. അതിനിടയിൽ എന്തെങ്കിലും തരത്തിൽ കേസ് അവസാനിക്കുമെങ്കിൽ അതാകാമെന്നും കോടതി വാക്കാൽ പറഞ്ഞു.
അതോടൊപ്പം വിവിധ പള്ളിക്കേസുകൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കവേ 101 വകുപ്പ് പ്രകാരം ഇപ്പോൾ മലങ്കര സഭ അംഗീകരിക്കുന്ന പാത്രിയർക്കീസ് ഇല്ലെന്നും മലങ്കര ഓർത്തോഡോക്സ് സഭയുടെ അനുവാദത്തോടെ വാഴിക്കുന്ന പാത്രിയർക്കീസിനെ മാത്രമേ അംഗീകരിക്കാൻ പറ്റുകയുള്ളൂവെന്ന് ഓർത്തഡോക്സ് സഭ വാദിച്ചു. എന്നാൽ 2017 ജൂലൈ3 വിധി പ്രകാരം അതിന്റെ ആവശ്യമില്ലെന്നും യാക്കോബായ സഭയുടെ അഭിഭാഷകർ പറഞ്ഞു.
ഓർത്തോഡോക്സ് സഭ എന്തു കൊണ്ടാണ് പാത്രീയർക്കീസിനെ അംഗീകരിക്കുന്നില്ലാത്തതെന്ന് വ്യക്തമായ മറുപടി കൊടുക്കുവാൻ ഓർത്തഡോക്സ് സഭയോട് കോടതി അവശ്യപ്പെട്ടു. കേസുകൾ ബുധനാഴ്ച്ച വീണ്ടും പരിഗണിക്കും.