കോതമംഗലം: കോതമംഗലം കെ എസ് ആർ റ്റി സി ഡിപ്പോയിൽ 2 കോടി രൂപയുടെ ആധുനിക ബസ് ടെർമിനൽ നിർമ്മാണം.MLA ആസ്തി വികസന ഫണ്ടിൽ നിന്നും 2 കോടി രൂപ ചെലവഴിച്ചാണ് ബസ് ടെർമിനൽ നിർമ്മാണം. 6000 സ്ക്വയർ ഫീറ്റ് വരുന്ന ഗ്രൗണ്ട് ഫ്ളോറും,4000 സ്ക്വയർ ഫീറ്റ് വരുന്ന ഫസ്റ്റ് ഫ്ളോറും അടക്കം 10000 സ്ക്വയർ ഫീറ്റുള്ള കെട്ടിടമാണ് പുതിയ ബസ് ടെർമിനലിനായി നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിൽ സ്റ്റേഷൻ മാസ്റ്ററുടെ കാര്യാലയം,എൻക്വയറി കൗണ്ടർ,യാത്രക്കാരായ പുരഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേക വെയ്റ്റിങ്ങ് ഏരിയ,പുരുഷ – വനിത ജീവനക്കാർക്ക് വേണ്ടി പ്രത്യേകം വെയ്റ്റിങ്ങ് ഏരിയ അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ഫസ്റ്റ് ഫ്ളോറിൽ ആധുനിക രീതിയിലുള്ള ഓഫീസ് സമുച്ചയം,പുതിയ ടോയ്ലറ്റ് ബ്ലോക്ക്,വാഷ് ഏരിയ അടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും.കെട്ടിടത്തിനു മുന്നിലായി ആധുനിക ബസ് ബേ നിർമ്മിക്കും. ബസ് ബേയോടനുബന്ധിച്ച് 100 ചതുരശ്ര സ്ക്വയർ മീറ്ററിൽ(1000 അടി)ബസ് പാർക്കിങ്ങിനായി ഇൻ്റർ ലോക്ക് ടൈൽ വിരിച്ച് ബസ് യാഡും നിർമ്മിക്കും. അതോടൊപ്പം നിർദ്ദിഷ്ട കെട്ടിടത്തിൻ്റെ പുറകു വശത്തായി സംരക്ഷണ ഭിത്തിയും ഒരുക്കുന്നതടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ആധുനിക ബസ് ടെർമിനലിൻ്റെ ഭാഗമായി നടത്തുന്നത്.
നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള കെട്ടിടം പൊളിക്കുന്നതിനു വേണ്ടിയുള്ള നടപടികൾക്ക് ചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടിരുന്നു. ഈ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് പഴയ കെട്ടിടം പൊളിക്കുവാനുള്ള ഉത്തരവ് ലഭ്യമാക്കുകയും ചെയ്തതോടെ പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയ ബസ് ടെർമിനൽ നിർമ്മിക്കുന്നതിനായുള്ള സാഹചര്യമൊരുങ്ങിയിരിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി ആന്റണി ജോൺ MLA യുടെ നേതൃത്വത്തിൽ KSRTC,PWD അധികൃതർ ചേർന്ന് ഡിപ്പോയിൽ എത്തി വിലയിരുത്തി.തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് MLA അറിയിച്ചു.