കോതമംഗലം : ഇടമലയാറിൽ നിന്ന് യാത്രക്കാരുമായി താളു കണ്ടത്തേക്ക് പോയ ജീപ്പിന് നേരെ കടുവയുടെ ആക്രമണമുണ്ടായി എന്ന ശബ്‌ദ സന്ദേശമാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. ഇടമലയാർ ജലവൈദ്യുത പദ്ധതി പ്രദേശത്തെക്ക് കടക്കുന്ന ചക്കിമേട് ഗൈറ്റിന് സമീപം വച്ച് താളുംകണ്ടം ആദിവാസി കുടിയിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ജീപ്പിന് നേരെയാണ് കടുവ ആക്രമണം നടത്തിയതെന്നും വാഹനത്തിനകത്തുള്ളവർ ഒച്ച വയ്ക്കുകയും ഡ്രൈവർ ഹോൺ മുഴക്കുകയും ചെയ്തതോടെ കടുവ പിൻവലിഞ്ഞു എന്നും , കടുവയുടെ ആക്രമണത്തിൽ ജീപ്പിന്റെ പടുത കീറി പോകുകയും ചെയ്തു എന്ന ശബ്ദ സന്ദേശം ആണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്.
തുടർന്ന് വനപാലകർ നടത്തിയ അന്വേഷണത്തിലാണ് ഈ ശബ്‌ദ സന്ദേശം വ്യാജമാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചത്. ഈ പ്രദേശത്ത് കടുവകളുടെ സാനിധ്യം ഉണ്ട് . എന്നാൽ ഇതുവരേയും കടുവ ആരേയും ആക്രമിച്ചിട്ടില്ലന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. റോഡിന് കുറുകെ കടുവ സഞ്ചരിച്ചിട്ടുണ്ടാകാമെന്നും ഇത് തെറ്റിദ്ധരിപ്പിച്ച് ആരോ ചെയ്ത വികൃതിയാണെന്നും , ഇത് വഴി സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.