കോതമംഗലം: കോതമംഗലത്തെ കായിക ചരിത്രത്തിന് പൊൻ തിളക്കമായി മാർ ബേസിൽ ഫുട്ബോൾ അക്കാദമിക്ക് തുടക്കം കുറിച്ചു. ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം ആന്റണി ജോൺ MLA നിർവ്വഹിച്ചു. ദ്രോണാചാര്യ അവാർഡ് ജേതാവായ അത്‌ലറ്റിക് കോച്ച് T P ഔസേപ്പ്,മുൻ ഇന്ത്യൻ ഫുട്ബോൾ താരമായ P R ഹർഷൻ,സന്തോഷ് ട്രോഫി ക്യാപ്റ്റനും കോച്ചുമായ എം എം ജേക്കബ്,ദേശീയ കായിക അദ്ധ്യാപക അവാർഡ് ജേതാവായ രാജു പോൾ,സ്കൂളിലെ മുൻ കായിക അദ്ധ്യാപകരായ M C സ്കറിയ,P T അമ്മിണി,ജിമ്മി ജോസഫ്,സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും സന്തോഷ് ട്രോഫി താരങ്ങളുമായ ഷെറിൻ സാം,അരുൺ കെ ജെ,എൽദോസ് ജോർജ് എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
മാർ തോമ ചെറിയപള്ളി വികാരി റവ.ഫാദർ ജോസ് പരത്തുവയലിൽ താരങ്ങൾക്കുള്ള ജഴ്സി വിതരണം നടത്തി.സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,മുൻസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് കെ എ,വാർഡ് കൗൺസിലറും പൂർവ്വ വിദ്യാർത്ഥിയുമായ റിൻസ് റോയ്,പ്രിൻസിപ്പാൾ എൽദോസ് കെ വർഗീസ്,ഹെഡ്മിസ്ട്രസ് ഷൈബി കെ എബ്രഹാം,മുൻ പ്രിൻസിപ്പാൾ പി പി എൽസി,പി ടി എ പ്രസിഡന്റ് പി കെ സോമൻ എന്നിവർ സംസാരിച്ചു. മാർ തോമ ചെറിയപള്ളി ട്രസ്റ്റി ബിനോയ് മണ്ണഞ്ചേരി സ്വാഗതവും റവ.ഫാദർ P O പൗലോസ് നന്ദിയും പറഞ്ഞു.ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പ്രൊഫഷണൽ ഫുട്‌ബോൾ കോച്ച് ലൈസൻസ് നേടിയ മുൻ സ്റ്റേറ്റ് കോച്ച് ബിനു വി സ്കറിയ ആണ് മുഖ്യ പരിശീലകൻ.നാടിന്റെ ഫുട്ബോൾ പ്രതാപത്തെ കരുതലോടെ വീണ്ടെടുക്കുകയാണ് ലക്ഷ്യം.
അഞ്ചാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 80 ൽ പരം കുട്ടികളെയാണ് പരിശീലനം നടത്തി വരുന്നത്.താമസ സൗകര്യം ആവശ്യമുള്ളവർക്ക് അതും ഒരുക്കിയിട്ടുണ്ട്. പെൺകുട്ടികളുടെ ടീം പ്രധാന ആകർഷണമാണ്. പന്തു തട്ടാൻ പ്രായമാകുമ്പോൾ തന്നെ ശാസ്ത്രീയ പരിശീലനം ലഭിച്ചാൽ അന്താരാഷ്ട്ര തലത്തിലേക്ക് ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കാമെന്ന ചിന്തയാണ് അക്കാദമിയുടെ ഉദയത്തിനു കാരണം. മികച്ച കളിയും വ്യക്തിപരമായ അച്ചടക്കവും സ്വഭാവശുദ്ധിയും സമർപ്പണവും കുട്ടികളിൽ വളർത്തിയെടുത്ത് കളിയുടെ ഉയരങ്ങൾ കീഴടക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. ഫുട്ബോളിനെ സ്നേഹിക്കുന്ന,ബൂട്ട് അണിയാൻ ആഗ്രഹിക്കുന്ന താഴെത്തട്ടിലുള്ള മികച്ച കളിക്കാരെ കണ്ടെത്തി പരിശീലനം നൽകുന്നു. സ്കൂളിലെ കായിക അദ്ധ്യാപികയായ ഷിബി മാത്യു എല്ലാ കായിക പ്രവർത്തനങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് നേതൃത്വ നിരയിൽ പ്രവർത്തിക്കുന്നു.