കോതമംഗലം :അതിരപ്പിള്ളിയിലെ അരേക്കാപ്പ് പട്ടികവർഗ കോളനിയിലേയ്ക്കുള്ള യാത്രാദുരിതത്തിന് പരിഹാരമാകുന്നു. കോളനിയിലേയ്ക്ക് എത്തിച്ചേരാനുള്ള റോഡ് പണി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് പട്ടിക വിഭാഗ വികസനകാര്യ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കോളനിയിലേയ്ക്ക് നേരിട്ടെത്തിയാണ് മന്ത്രി കോളനിവാസികൾക്ക് ഉറപ്പ് നൽകിയത്. തൃശൂർ ജില്ലാ കലക്ടർ ഹരിത വി കുമാറും സംഘവും മന്ത്രിയോടൊപ്പം കോളനിയിലെത്തിയിരുന്നു.
പുറംലോകവുമായി ഒറ്റപ്പെട്ട് കിടക്കുന്ന അരേക്കാപ്പ് കോളനിയിലേയ്ക്ക് റോഡ് നിർമ്മിക്കാൻ അടുത്തിടെ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായാണ്
മന്ത്രിയും കലക്ടറും സ്ഥലം സന്ദർശിച്ചത്. ഇടമലയാറിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 7 മണിയോടെ ആയിരുന്നു ബോട്ടിൽ പുറപ്പെട്ടത്. ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ്
അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, മലയാറ്റൂർ ഡി എഫ് ഒ രവികുമാർ മീണ തുടങ്ങിയവർ മന്ത്രിക്കും കലക്ടർക്കുമൊപ്പമുണ്ടായിരുന്നു. 11 മണിയോടെ അരക്കപ്പിൽ എത്തിച്ചേർന്ന മന്ത്രി സംഘത്തെ ആദിവാസികൾ വരവേറ്റു. കഴിക്കാൻ കപ്പയും മീൻ കറിയും നൽകി.
അതിരപ്പിള്ളി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ മലക്കപ്പാറയിൽ നിന്ന് നാല് കിലോമീറ്റർ അകലെയായി ഉൾക്കാട്ടിലാണ് 43 കുടുംബങ്ങൾ താമസിച്ചുവരുന്ന അരേക്കാപ്പ്. വനാവകാശ നിയമമനുസരിച്ച് ലഭിച്ച 148 ഏക്കർ ഭൂമിയിലെ കൃഷിയും ഇടമലയാർ അണക്കെട്ടിൽ നിന്നുള്ള മത്സ്യബന്ധനവുമാണ് ഇവരുടെ ഉപജീവനമാർഗം. മലക്കപ്പാറയിൽ നിന്ന് അരേക്കാപ്പിലേക്ക് റോഡ് നിർമിക്കാൻ 20 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. അതേ സമയം ഉരുൾ പൊട്ടൽ ഭീഷണി നേരിടുന്നതിനെ തുടർന്ന് ആരെക്കപ്പ് ആദിവാസി കുടിയിലെ 11 കുടുംബങ്ങൾ ആരെക്കാപ്പിൽ നിന്ന് ഏതാനും മാസങ്ങൾക്ക് മുന്നേ പാലായനം ചെയ്ത് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ വാസയോഗ്യമായ ഭൂമിക്കു വേണ്ടി സമരം ചെയ്യുകയാണ്.
ഇവരുമായി ഇടമലയാർ ഐ ബി യിൽ മന്ത്രി നടത്തിയ ചർച്ച പരാജയപെട്ടു. ഇതു അനാവശ്യ സമരമാണെന്നും, മറ്റ് സംഘടനകൾക്കും, വ്യക്തികൾക്കും വിധേയ പെട്ടു ഇടമലയാറിൽ സമരം ചെയ്യുന്ന ഈ ആദിവാസി കുടുംബങ്ങൾ ഇവരുടെ കൃഷിയും മറ്റുള്ള കാര്യങ്ങളും ഇല്ലാതെയാക്കുകയാണെന്നും, ഉടൻ തിരിച്ചു ആരെക്കപ്പിലേക്ക് തന്നെ മടങ്ങണം എന്നുമാണ് മന്ത്രി പറയുന്നത്. ആരെക്കപ്പ് നിവാസികളുടെ പ്രധാന പ്രശ്നം വഴിയാണ്. അത് ഉടൻ പ്രവർത്തികമാക്കുമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ പുതിയ വാസസ്ഥലം കിട്ടാതെ തിരികെ പോകാൻ തയ്യാറല്ല എന്നാണ് ഇടമലയാറിൽ സമരം ചെയ്യുന്ന ആരെകാപ്പിലെ ഒരു വിഭാഗം ആദിവാസികുടുംബങ്ങൾ.