കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം പാലത്തിന് മുകളിൽ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. ആത്മഹത്യ ഭീഷണി മുഴക്കിയ മാമലക്കണ്ടം ഇളമ്പുശ്ശേരിക്കുടിയിൽ അരുൺ (26) നെ കോതമംഗലം ഫയർ ഫോഴ്സ് എത്തി താഴെയിറക്കി . വെള്ളിയാഴ്ച വൈകിട്ട് 04.00 മണിക്ക് ആയിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതോടെ കോതമംഗലം ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കരുണാകരൻ പിള്ള, യുടെ നേതൃത്വത്തിൽ സജി മാത്യു, കെ.ബി. ഷാജിമോൻ ബി.സി ജോഷി, കെ.കെ. രാജു, കെ എ അൻസിൽ, വി.എം. ഷാജി, ആർ ജയകൃഷ്ണൻ, അൻവർ സാദത്ത്, വിഷ്ണു മോഹൻ, പി ബിന്ദു എന്നിവരടങ്ങുന്ന സംഘം യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കി പോലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ ദിവസം കട്ടപ്പനയിലെ മൊബൈൽ ടവറിന്റെ മുകളിൽ കയറിയായിരുന്നു അരുണിന്റെ ഭീഷണി. കട്ടപ്പന, ഇടുക്കിക്കവലയിൽ ടവറിന് മുകളിൽ കയറിയ ഈ യുവാവ് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെയാണ് ഇയാൾ കട്ടപ്പനയിലെ ടവറിൽ കയറിയത്. ടവറിന് മുകളിൽ അരുൺ ഇരിക്കുന്നതു കണ്ട സമീപവാസികൾ കട്ടപ്പന പോലീസിനേയും ഫയർഫോഴ്സിനേയും വിവരമറിയിക്കുകയും, തുടർന്ന് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എൽദോസിൻ്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. അരുണിനെ ഹോട്ടലിൽ എത്തിച്ച് ഭക്ഷണവും വാങ്ങി നൽകിയാണ് കട്ടപ്പനയിൽ നിന്ന് തിരിച്ചയച്ചത്. മാമ്മലകണ്ടത്ത് നിന്നും ജോലി അന്വേഷി ച്ചെത്തിയതാണെന്നും തിരിച്ച് വീട്ടിൽ പോകാൻ വണ്ടിക്കൂലി ഇല്ലാത്തതിൻ്റെ വിഷമത്തിൽ ടവറിൽ കയറിയതാണെന്നുമാണ് അന്ന് അരുൺ പറഞ്ഞത്.