കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടി പ്രദേശത്തെ പുലി ഭീതി പരിഹരിക്കുവാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി A K ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.ഇത് സംബന്ധിച്ച് ആന്റണി ജോൺ MLA ഉന്നയിച്ച സബ്മിഷന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിലും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ കഴിഞ്ഞ കുറെ ദിവസങ്ങളായി പുലി ആക്രമണ ഭീതിയിൽ കഴിയുകയാണ്. നിരവധിയായ വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലിയുടെ ആക്രമണം ഇപ്പോൾ മനുഷ്യനു നേരെ തിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം പട്ടാപ്പകൽ പ്ലാമുടി ചേറ്റൂർ വീട്ടിൽ റോസിലി എന്ന വീട്ടമ്മയെ അവരുടെ വീടിന് സമീപത്ത് വച്ച് പുലി ആക്രമിച്ചു, ഭാഗ്യം കൊണ്ട് മാത്രമാണ് ജീവഹാനി സംഭവിക്കാതിരുന്നത്.
പുലിയുടെ സാന്നിധ്യമുണ്ടായ ആദ്യ നാളുകളിൽ തന്നെ പ്ലാമുടിയിലെ അടിയന്തിര സാഹചര്യങ്ങൾ സംബന്ധിച്ച് മന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയിരുന്നു.ആയതിന്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ നിർദ്ദേശപ്രകാരം തന്നെ കുറെയേറെ നടപടികൾ വനം വകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് സ്വീകരിച്ചിരുന്നു.എന്നിരുന്നാലും നാളിതുവരെയായി പുലിയെ പിടികൂടുവാൻ കഴിഞ്ഞിട്ടില്ല.മാത്രമല്ല മനുഷ്യ ജീവന് വരെ ഭീഷണിയായ നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. സ്കൂൾ തുറന്നതോടു കൂടി കുട്ടികൾ സ്കൂളിലേക്ക് പോകുന്ന സാഹചര്യത്തിൽ നാട്ടുകാർ മുഴുവൻ വലിയ ആശങ്കയിലാണ്. മനുഷ്യ ജീവന് ഭീഷണിയായ പുലിയെ മയക്കു വെടി വച്ച് പിടിക്കുന്നതടക്കമുള്ള ഫലപ്രദമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് MLA സബ്മിഷനിലൂടെ നിയമസഭയിൽ ആവശ്യപ്പെട്ടു.
മലയാറ്റൂർ വനം ഡിവിഷനിലെ കോടനാട് റേഞ്ചിന് കീഴിലെ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പ്ലാമുടിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലിയുടെ ആക്രമണം മൂലമുള്ള നാശനഷ്ടങ്ങൾ രൂക്ഷമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.പുലിയുടെ ആക്രമണത്തിൽ നിരവധി വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടതും,പരിക്ക് പറ്റിയതും,ഒരു വീട്ടമ്മക്ക് പരിക്കേറ്റതുമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോതമംഗലം മണ്ഡലത്തിലെ കോട്ടപ്പടി,പെരുമ്പാവൂർ മണ്ഡലത്തിലെ വേങ്ങൂർ പഞ്ചായത്തുകളിൽ പെടുന്നവയാണ് പ്രസ്തുത പ്രദേശങ്ങൾ.സംഭവ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് ചുവടെ പറയുന്ന നടപടികൾ സ്വീകരിച്ചു വരുന്നു.
1) വനം വകുപ്പ് ജീവനക്കാർ രാപ്പകൽ വ്യത്യാസമില്ലാതെ പ്രദേശത്ത് പെട്രോളിങ്ങും,നിരന്തര പരിശോധനകളും നടത്തി വരുന്നു.വിവിധ പ്രദേശങ്ങളിലായി 5 ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുന്നു.
2) പുലിയെ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട വിവിധ പ്രദേശങ്ങളിലായി പുലിയെ പിടി കൂടുന്നതിനായി നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA ) യുടെ ” Standard Operating Procedures ” അനുസരിച്ച് നാലു കൂടുകൾ സ്ഥാപിച്ച് പുലിയെ പിടി കൂടുന്നതിനുള്ള പരിശ്രമങ്ങൾ നടത്തി വരുന്നു.
3) പുലിയെ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ 11-11-2021 ൽ പൊതുജനങ്ങളുടെ സഹകരണത്തോടെ വ്യാപകമായ കോമ്പിംഗ് ഓപ്പറേഷൻ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും വനം വകുപ്പ് മന്ത്രി A K ശശീന്ദ്രൻ ആന്റണി ജോൺ MLA യുടെ സബ്മിഷന് മറുപടിയായി നിയമസഭയെ അറിയിച്ചു.