കോതമംഗലം : സി പി ഐ എം കോതമംഗലം ഏരിയ സെക്രട്ടറിയായി കെ എ ജോയിയേയും 21 അംഗ ഏരിയ കമ്മറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. സിപിഎം കോതമംഗലം ഏരിയ സെക്രട്ടറിയായി കോട്ടപ്പടി മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആയ കെ എ ജോയിയെ തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറിയായ ആർ അനിൽകുമാർ മൂന്നു ടെം പൂർത്തിയാക്കിയതിനെ തുടർന്ന് ഒഴിഞ്ഞ ഒഴിവിലേക്കാണ് കെ എ ജോയിയെ തെരഞ്ഞെടുത്തത്.ഇന്ന് സമാപിച്ച ഏരിയ സമ്മേളനത്തിൽ ഐക്യകണ്ഠേനയാണ് കെ എ ജോയി സെക്രട്ടറിയായി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപെട്ടത്. കോട്ടപ്പടി മുൻ പഞ്ചായത്ത് പ്രസിഡണ്ടും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി വൈ എഫ് ഐ മുൻ കോതമംഗലം ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു കെ എ ജോയി. നിലവിൽ സിഐടിയു കോതമംഗലം ഏരിയ സെക്രട്ടറി സ്ഥാനം വഹിച്ചു വരികയായിരുന്നു. കഥാപ്രസംഗ കലാകാരനും കാർട്ടൂണിസ്റ്റുമാണ് കെ എ ജോയി.
ആർ അനിൽ കുമാർ , കെ എ ജോയി ,പി എം മുഹമ്മദാലി ,കെ കെ ശിവൻ ,പി എം അഷറഫ് , കെ ജി ചന്ദ്രബോസ്, ബിജു പി നായർ , പി എം മജീദ് ,റഷീദ സലീം ,കെ എം പരീത് , സി പി എസ് ബാലൻ , പി പി മൈതീൻ ഷാ ,കെ പി മോഹനൻ, സുധ പത്മജൻ , സാബു വർഗീസ് ,പി എൻ കുഞ്ഞുമോൻ , കെ കെ ഗോപി ,പി കെ പൗലോസ് , ആൻ്റണി ജോൺ എം എൽ എ, കെ പി ജയകുമാർ , ആദർശ് കുര്യാക്കോസ് എന്നിവരാണ് എരിയ കമ്മറ്റി അംഗങ്ങൾ.
കോതമംഗലത്തിൻ്റെ ടൂറിസം മേഖലയിലെ സമഗ്ര വികസനത്തിന് ആലുവ – മൂന്നാർ രാജപാത പുനർനിർമ്മിച്ച് സഞ്ചാര യോഗ്യമാക്കണമെന്ന് സി പി ഐ എം കോതമംഗലം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു . ഭൂതത്താൻകെട്ട് ,തട്ടേക്കാട് , ഇടമലയാർ ടൂറിസം മേഖലകളെ സംയോജിപ്പിച്ച് കോതമംഗലത്തെ ടൂറിസം ഹബ്ബാക്കി മാറ്റണമെന്നും , വന്യ മൃഗശല്യവും ,കുട്ടമ്പുഴ പഞ്ചായത്തിലെ പട്ടയപ്രശ്നവും പരിഹരിക്കണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു . കെ എ ജോയി പ്രമേയവും , റഷീദ സലീം ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം ഗോപി കോട്ടമുറിക്കൽ , ഏരിയ സെക്രട്ടറി ആർ അനിൽ കുമാർ എന്നിവർ ചർച്ചക്ക് മറുപടി പറഞ്ഞു . സംസ്ഥാന കമ്മറ്റിയംഗം എസ് ശർമ്മ , ജില്ലാ സെക്രട്ടറിയേറ്റംഗം പി എം ഇസ്മായിൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.