കോതമംഗലം : കീരംപാറ പഞ്ചായത്തിലെ കള്ളാട് കയ്യാലപ്പൊത്തിലൊളിച്ച പെരുമ്പാമ്പിനെ ഇന്ന് വനപാലകർ പിടികൂടി. കള്ളാട് കാരക്കൊമ്പിൽ പൗലോസിൻ്റെ പുരയിടത്തിലെ മുറ്റത്താണ് ആദ്യം പാമ്പിനെക്കണ്ടത്. പിന്നീട് പെരുമ്പാമ്പ് കയ്യാലക്കല്ലുകൾക്കിടയിലൊളിക്കുകയായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തട്ടേക്കാട് ഫോറസ്റ്റ് സ്‌റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ PR ശ്രീകുമാറും പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗീസും സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.
12 അടി നീളമുള്ള പാമ്പിനെ കയ്യാലക്കല്ലുകൾ പൊളിച്ചാണ് പുറത്തെടുത്തത്. മഴക്കാലമായതോടെ വനമേഖലകളിൽ നിന്ന് പാമ്പുകൾ ഒഴുകിയെത്തുന്നത് വർദ്ധിച്ചിട്ടുണ്ട്. പിടികൂടിയ പാമ്പിനെ വനത്തിൽ തുറന്നു വിട്ടെന്ന് വനപാലകൻ ശ്രീകുമാർ പറഞ്ഞു.