കുട്ടമ്പുഴ: പുനരധിവാസ പദ്ധതി പ്രകാരം പഞ്ചായത്ത് മാറ്റിപ്പാർപ്പിച്ച 25 ലധികം കുടുംബങ്ങൾ കടുത്ത ഭീക്ഷണി നേരിടുന്നു. ദുരിതത്തിലായ കുടുംബങ്ങളെ സ്ഥിരമായി ദുരിത ഭീഷണിയില്ലാത്ത സ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യം. സത്രപ്പടി നാലു സെന്റ് കോളനിയിലെ വീടുകളാണ് ദുരന്ത ഭീക്ഷണിയിൽ കഴിയുന്നത്. കിഴക്കാംതൂക്കായ കുന്നിനു മുകളിൽ 40 വർഷം മുമ്പാണ് അൻപതോളം കുടുംബക്കാരെ കുടിയിരുത്തിയത്. വർഷക്കാലമായാൽ പിന്നിലെ വീടിന്റെ മതിൽ ഇടിഞ്ഞ് അടുത്ത വീട്ടിൽ പതിയ്ക്കുന്നതാണ് ഇവരുടെ പ്രശ്നം.
മിക്കവരും സ്വസ്ഥമായി കഴിയാനാകാത്ത അവസ്ഥയിൽ വീട് ഉപേക്ഷിച്ച് മറ്റിടങ്ങൾ തേടിയവരുണ്ട്. മഴ ശക്തിയായതോടെ കോളനിനിവാസികളെ വിമല പബ്ലിക് സ്കൂളിലേക്ക് മാറ്റിയിരിക്കുകയാണ്. അസി. കളക്ടർ, തഹസീൽദാർ, ബ്ലോക്ക് – പ്രാമ പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ കോളനിയിലും, ദുരിതാശ്വാസ ക്യാമ്പിലുമെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
വേനൽ കാലത്ത് കടുത്ത കുടിവെളളക്ഷാമം, വർഷകാലത്ത് മണ്ണിടിച്ചിൽ . ഇപ്പോൾ തന്നെ നിരവധി വീടുകളുടെ സംരക്ഷണഭിത്തികൾ നിലം പൊത്തിയിരിക്കുകയാണ്. മാറാതെ നിൽക്കുന്ന മഴയ്ക്കു ശേഷവും വീടുകളിൽ കഴിയാനാകുമോ എന്ന ആശങ്കയിലാണ് ഓരോരുത്തരും. തങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റിപാർപ്പിക്കുവാൻ നടപടി വേണമെന്ന ആവശ്യത്തിനുനേരെ ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കിയിട്ടില്ല.
താഴെയുള്ള കിണറിൽ നിന്നും കുടിവെള്ളം ചുവന്ന് മുകളിലെത്തിക്കാൻ മണി കൂറുകളെടുക്കും. കഴിഞ്ഞ 2018 ലെ പ്രളയത്തിലും കോളനിക്കാർ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു. വൻമരങ്ങളും, മൺതിട്ടകളും വീടുകൾക്ക് ഭീക്ഷണിയാണ്. കോളനി നിവാസികളെ ബന്ധപ്പെട്ടവർ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് സുരക്ഷിതമായി മാറ്റാനുള നടപടി വേണമെന്നാണ് പൊതു ആവശ്യം.