കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത പുനർ നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.പഴയ ആലുവ – മൂന്നാർ രാജപാത പുനർ നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ MLA ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രമുഖ വിനോദ സഞ്ചാര മേഖലയായ മൂന്നാറിലേക്ക് എത്തിച്ചേരുന്നതിന് 25 കിലോമീറ്ററോളം ദൂരം കുറവും, കുത്തനെയുള്ള കയറ്റിറക്കങ്ങളോ, കൊടുംവളവുകളോ ഇല്ലാത്ത പ്രസ്തുത റോഡ് പുനർനിർമ്മിച്ചാൽ പാർശ്വവൽക്കരിക്കപ്പെട്ട വിവിധ പ്രദേശങ്ങളുടെ വികസനത്തോടൊപ്പം സമഗ്രമായ ടൂറിസം വികസനത്തിനും സഹായകരമാവും.അതോടൊപ്പം മൂന്നാറിലേക്കുള്ള സമാന്തര പാതയായും ഈ റോഡ് ഉപകരിക്കുമെന്നതിനാൽ പഴയ ആലുവ – മൂന്നാർ രാജപാത പുനർനിർമ്മിച്ച് സഞ്ചാരയോഗ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും MLA നിയമസഭയിൽ ആവശ്യപ്പെട്ടു.
1924 ലെ വെള്ളപ്പൊക്കം മൂലം കരിന്തിരി മല ഇടിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായതിനു ശേഷം ഈ പാത പുനർ നിർമ്മിച്ചിട്ടില്ല.കോതമംഗലത്ത് നിന്നും പെരുമ്പൻകുത്ത് വരെ 40 കി മീ റോഡ് പൊതുമരാമത്ത് വകുപ്പിന്റേതാണ്. ഇതിൽ പൂയംകുട്ടി (കി മി 28/000) ഭാഗത്ത് വനം വകുപ്പ് റോഡ് ബ്ലോക്ക് ചെയ്തിരിക്കുകയും, അതുവഴി റോഡ് വികസനത്തിന് അനുവാദം ഇല്ലാത്തതുമാണ്.പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെ വനത്തിലൂടെയുള്ള റോഡ് കയറ്റിറക്കങ്ങൾ ഇല്ലാതെ മൂന്നാറിലേക്ക് യാത്ര ചെയ്യാനുള്ള ദൂരക്കുറവുള്ളതായിയിരുന്നു. ബ്രിട്ടീഷ്കാരുടെ കാലത്ത് നിർമ്മിച്ച ഈ രാജപാതയിൽ പെരുമ്പൻകുത്തിനും പൂയംകുട്ടിക്കും ഇടയിൽ മലയിടിഞ്ഞതോടെയാണ് വനം വകുപ്പ് റോഡ് അടച്ചത്.
ഈ റോഡ് തുറക്കണമെന്ന് കാണിച്ച് നിരവധി നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്.അതിന്റെ അടിസ്ഥാനത്തിൽ ടി റോഡ് വികസനം സംബന്ധിച്ച ഒരു ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികൾ വനം വകുപ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ച് വരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ ആന്റണി ജോൺ MLA യെ നിയമസഭയിൽ അറിയിച്ചു.