കോതമംഗലം : കോതമംഗലത്തിൻ്റെ ടൂറിസം രംഗത്ത് വൻ വികസന സാധ്യത നൽകുന്ന നേര്യമംഗലം ബോട്ട് ജെട്ടി – ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആൻ്റണി ജോൺ MLA അറിയിച്ചു. ബോട്ട് ജെട്ടി നിർമ്മിക്കുവാൻ MLA ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.നേര്യമംഗലം പാലത്തിനു സമീപം അപ്‌സ്ട്രീമിൽ പുഴയുടെ ഇടതു കരയിലാണ് പുതിയ ബോട്ട് ജെട്ടി നിർമ്മിക്കുന്നത്. മൂന്ന് ലെവൽ ലാന്റിങ്ങ് ഫ്ലോറോട് കൂടിയുള്ള ബോട്ട് ജെട്ടിയാണ് നിർമ്മിക്കുന്നത്. കോതമംഗലത്തിൻ്റെ ടൂറിസം രംഗത്ത് വൻ വികസന സാധ്യത നല്കുന്നതാണ് പുതിയ ബോട്ട് ജെട്ടി.
ഭൂതത്താൻകെട്ട്, തട്ടേക്കാട്, കുട്ടമ്പുഴ, ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്ത് എത്തിച്ചേരുകയും,നേര്യമംഗലത്ത് നിന്നും തിരികെ ഈ പ്രദേശങ്ങളിലേക്കും എത്തിച്ചേരാനും ജെട്ടിയുടെ നിർമ്മാണത്തോടെ കഴിയും. മൂന്നാർ,തേക്കടി അടക്കമുള്ള ഇടുക്കിയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകുന്നവർക്ക് കോതമംഗലത്ത് നിന്നും ഭൂതത്താൻകെട്ടിൽ എത്തി അവിടെ നിന്നും ബോട്ട് മാർഗം കുട്ടമ്പുഴ,തട്ടേക്കാട്,ഇഞ്ചത്തൊട്ടി പ്രദേശങ്ങളെല്ലാം കണ്ട് നേര്യമംഗലത്ത് എത്തി അവിടെ നിന്നും വീണ്ടും വാഹനത്തിൽ മൂന്നാർ,തേക്കടി അടക്കമുള്ള ഇടുക്കിയിലെ വിവിധ പ്രദേശങ്ങളിലേക്ക് പോകാൻ കഴിയുന്ന സാഹചര്യമുണ്ടാകും.
അതുപോലെ തന്നെ തിരിച്ചും ഇടുക്കി ഭാഗത്ത് നിന്നും വരുന്നവർക്ക് നേര്യമംഗലത്ത് ഇറങ്ങിയാൽ അവിടെ നിന്ന് ഈ പ്രദേശങ്ങളിലൂടെ ഭൂതത്താൻകെട്ടിൽ ബോട്ടിൽ ഇറങ്ങുകയും അവിടെ നിന്ന് മറ്റ് ടൂറിസം മേഖലകളിലേക്ക് യാത്ര ചെയ്യാൻ കൂടി സൗകര്യം ഈ പദ്ധതി പൂർത്തീകരിക്കുന്നതോടെ ഉണ്ടാകും.ഭാവിയിൽ ടൂറിസം സർക്യൂട്ട് അടക്കം ലക്ഷ്യമിട്ടു കൊണ്ടാണ് നേര്യമംഗലത്ത് ബോട്ട് ജെട്ടി നിർമ്മിക്കുന്നത്.നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും MLA അറിയിച്ചു.