കോതമംഗലം : ഓൺലൈനിൽ ബുക്ക് ചെയ്ത് പണം അടയ്ക്കാം. ഔട്ലെറ്റിൽ എത്തുമ്പോൾ പ്രത്യേക കൗണ്ടർ വഴി മദ്യം ലഭിക്കും. 10 ദിവസത്തിനകം കൗണ്ടറിലെത്തി വാങ്ങിയാൽ മതി എന്ന സൗകര്യവും. ഇനി എല്ലാ ജില്ലയിലും മദ്യ വിൽപ്പനയ്ക്ക് ഓൺലൈൻ കൗണ്ടറുമായി കോതമംഗലം ബെവ്‌കോ. ബെവ് സ്പിരിറ്റ് എന്ന പേരില്‍ ബീവറേജ് കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയ ജില്ലയിലെ നാല് ഔട്ടലെറ്റുകളിലൊന്നാണ് കോതമംഗലം. www.ksbc.co.in വഴി ബെവ് സ്പിരിറ്റ് എന്ന പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കൾക്ക് മദ്യം ബുക്ക് ചെയ്യാം. എവിടെയിരുന്നും ആവശ്യമുള്ള ബ്രാൻഡ് മദ്യം തിരഞ്ഞെടുത്ത് മുൻകൂർ പണമടച്ചു ബുക്ക് ചെയ്യാനാകും. പരാതികൾ [email protected] ലോ, 99468 32100 എന്ന നമ്പറിലോ അറിയിക്കാം. 23 വയസ്സിന് മുകളിലുള്ളവർക്ക് ഇങ്ങനെ മദ്യം വാങ്ങാം.
ആദ്യത്തെ ഇടപാടിനു മാത്രം റജിസ്‌ട്രേഷൻ ആവശ്യമാണ്. ബെവ് സ്പിരിറ്റ് പേജിൽ മൊബൈൽ നമ്പറും പേജിൽ ദൃശ്യമാകുന്ന സുരക്ഷാ കോഡും നൽകണം. മൊബൈൽ നമ്പറിൽ വൺ ടൈം പാസ്വേഡ് ലഭിക്കും. ഇതു പേജിൽ നൽകിയാൽ റജിസ്‌ട്രേഷൻ പേജ് തുറക്കും. ഇവിടെ പേര്, ഇമെയിൽ ഐഡി, ജനനത്തീയതി എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. പിന്നീടുള്ള ഓരോ തവണയും മൊബൈൽ നമ്പറും സുരക്ഷാ കോഡും പാസ്വേഡും നൽകി ലോഗിൻ ചെയ്യാം. ജനനത്തീയതി നൽകുമ്പോൾ 23 വയസ്സിനു താഴെയാണെങ്കിൽ ബുക്കിങ് അപ്പോൾ തന്നെ റദ്ദാകും. ഈ പ്രായത്തിനു മുകളിലുള്ളവർക്കു മാത്രമേ മദ്യം ബുക്ക് ചെയ്യാൻ അനുമതിയുള്ളൂ.
ബുക്കിങ് പൂർത്തിയായാൽ പേയ്‌മെന്റ് ഗേറ്റ് വേയിലേക്കു കടക്കും. ഇന്റർനെറ്റ് ബാങ്കിങ് ഉൾപ്പെടെ മാർഗങ്ങളിലൂടെ പേയ്‌മെന്റ് നടത്താം. പേയ്‌മെന്റ് വിജയകരമായാൽ ഫോണിൽ ഒരു കോഡ് ഉൾപ്പെടെ സന്ദേശം ലഭിക്കും. ഇതുമായി തിരഞ്ഞെടുത്ത ഔട്ലെറ്റിൽ എത്തുമ്പോൾ പ്രത്യേക കൗണ്ടർ വഴി മദ്യം ലഭിക്കും. 10 ദിവസത്തിനകം കൗണ്ടറിലെത്തി വാങ്ങിയാൽ മതി.