കുട്ടമ്പുഴ : വലയിൽപ്പെടാതെ കുതറി മാറിയ രാജവെമ്പാലയെ മണിക്കൂറുകൾക്ക് ശേഷം വനപാലകർ വലയിലാക്കി. കുട്ടമ്പുഴയിലാണ് സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ കുറ്റിയാംചാലിൽ മാണി പോൾ എന്നയാളുടെ വീടിനോട് ചേർന്നുള്ള കോഴിക്കൂടിനു സമീപം വൈകിട്ടോടെയാണ് കൂറ്റൻ രാജവെമ്പാലയെത്തിയത്. കോഴിയെ പിടിച്ചിടാൻ കോഴിക്കൂടിനു സമീപം ചെന്നപ്പോഴാണ് വീട്ടുടമയായ പോൾ രാജവെമ്പാലയെ കണ്ടത്. ഉടനെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു.
കോടനാട് നിന്ന് പ്രൊട്ടക്ഷൻ ഫോഴ്സ് സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം തുടരുകയുമായിരുന്നു. തല കയ്യാല പൊത്തിലും ഉടൽ ഭാഗം പുറത്തേക്കു മായിട്ടായിരുന്നു ആദ്യം പാമ്പിനെ കണ്ടത്. ആളുകൾ എത്തിയതോടെ പാമ്പ് പൂർണമായും കയ്യാല പൊത്തിലൊളിക്കുകയായിരുന്നു.
തുടർന്ന് കയ്യാല പൊത്തിലൊളിച്ച പാമ്പിനെ കല്ലുകൾ നീക്കം ചെയ്ത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്. കോഴിക്കൂടിനു സമീപം ചെന്ന താൻ കൂറ്റൻ പാമ്പിനെ കണ്ട് വല്ലാതെ പേടിച്ചു പോയെന്ന് വീട്ടുടമയായ മാണി പോൾ പറഞ്ഞു.