കോതമംഗലം : മഴയെയും, മഞ്ഞിനേയും, കുളിരിനേയും വക വെക്കാതെ 130ൽ പരം കിലോമീറ്റർ താണ്ടി ശീതകാല പച്ചക്കറികൃഷിക്ക് കീർത്തി കേട്ട മൂന്നാർ, വട്ടവടയിൽ എത്തുമ്പോൾ കോതമംഗലത്തെ കൃഷി ഉദ്യോഗസ്ഥരായ വി. കെ ജിൻസ്, ഇ. പി. സാജു എന്നീ കൃഷി ഉദ്യോഗസ്ഥർക്ക് രണ്ട് ലക്ഷ്യം മാത്രം. അതിലൊന്ന് തങ്ങൾ പ്രതിനിധാനം
ചെയ്യുന്ന കോതമംഗലം ബ്ലോക്കിന് കീഴിലുള്ള 12കൃഷിഭവനുകളിൽ ഓണത്തിനോടനുബന്ധിച്ച് ആരംഭിച്ച പച്ചക്കറി ചന്തകളിലേക്ക് ആവശ്യമായ നല്ല പച്ചക്കറികൾ മിതമായ വിലയിൽ ജനങ്ങൾക്ക് നൽകുക. മറ്റൊന്ന് പുത്തൻ കാർഷിക സംസ്കാരം രചിക്കുന്ന വട്ടവടയിലെ മണ്ണിന്റെ മക്കൾക്ക്, ഇടനിലക്കാരില്ലാതെ നേരിട്ട് പച്ചക്കറി വാങ്ങുന്നതു വഴി അവരുടെ അധ്വാനത്തിന്റെ മൂല്യം ലഭിക്കുകയെന്നതും.
കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി ശേഖരിച്ച് ഉപഭോക്താക്കൾക്ക് വിലകുറച്ച് നൽകുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഓണച്ചന്തകൾക്കു വേണ്ടിയാണ് പച്ചക്കറി തേടി ഈ ഉദ്യോഗസ്ഥർ വട്ടവടയിൽ എത്തിയത്.പത്ത് ശതമാനം വില അധികം നൽകിയാണ് കർഷകരിൽ നിന്ന് പച്ചക്കറി ഉത്പന്നങ്ങൾ സംഭരിക്കുന്നത്.വിപണി വിലയേക്കാൾ മുപ്പത് ശതമാനം വിലക്കുറവിലാണ് ഉപഭോക്താക്കൾക്ക് കൊടുക്കുന്നത്. കോതമംഗലത്ത് നിന്ന് സംഭരിച്ച പച്ചക്കറി തികയാത്തതിനെ തുടർന്നാണ് ജീൻസും, സാജുവും ഹൈറേഞ്ചിന്റെ മല മടക്കുകൾ താണ്ടിയത് .
മൂന്നാറും, പാമ്പാടുംചോല ദേശീയ ഉദ്യാനവും കടന്ന് വട്ടവടയിൽ എത്തി കർഷകരിൽ നിന്ന് ശേഖരിച്ച ഉരുളകിഴങ്ങ്, വെളുത്തുള്ളി, കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ അടങ്ങിയ ചാക്കുകൾ ഇവർ തന്നെയാണ് യാതൊരു മടിയും കൂടാതെ ചുമന്നു വാഹനത്തിൽ കയറ്റിയതും . ഇവരുടെ ഈ അർപ്പണ മനോഭാവവും,സേവന മനസ്കതയും കണ്ട വട്ടവടയിലെ ഒരു കർഷകൻ അത് മൊബൈലിൽ ചിത്രീകരിച്ചു സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയിതു. ഇതോട ഇവർ പച്ചക്കറിചാക്കുകൾ ലോഡ് ചെയ്യുന്നതായിട്ടുള്ള വീഡിയോയും, ചിത്രങ്ങളും സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ വൈറലായി.നിരവധി പേരാണ് ഈ വീഡിയോ പങ്ക് വെക്കുകയും മറ്റുള്ളവർക്ക് ഷെയർ ചെയ്യുകയും ചെയിതത് .
കോതമംഗലം കൃഷി അസ്സി. ഡയറക്ടർ വി. പി. സിന്ധു ഉൾപ്പെടെയുള്ള നിരവധിപേരാണ് ഈ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പുലർച്ചെ ഒരു മണിയോടെ
ഈ പച്ചക്കറി ചാക്കുകൾ കോതമംഗലത്തെത്തിച്ച് വിതരണത്തിന് വേണ്ട ഇടപെടൽ നടത്തിയാണ് ഈ മാതൃക കൃഷി വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങിയത്.
പിണ്ടിമന കൃഷിഭവനിലെ കൃഷി അസിറ്റന്റ് ആണ് വി .കെ.ജിൻസ്
കോതമംഗലം നഗരസഭ കൃഷിഭവനിലെ ഉദ്യോഗസ്ഥനാണ് ഇ.പി.സാജു.