കോതമംഗലം : അതിജീവനത്തിന്റെ പോരാട്ടത്തിൽ എസ് എസ് എൽ സി ക്ക് നൂറു മേനി വിജയം കരസ്ഥമാക്കിയ രണ്ട് കാടിന്റെ മക്കൾ ഉണ്ട് കുട്ടമ്പുഴയിൽ. എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് വാങ്ങി ആദിവാസി ഊരുകൾക്ക് അഭിമാന മായിരിക്കുകയാണ് ഈ മിടുക്കികൾ. തൃശൂർ ജില്ലയിലെ ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം കോളനിയിലെ എം അനുവും പിണവൂർക്കുടി കോളനിയിലെ ശ്യാമ മനുവും ആണ് ആ കുട്ടി താരങ്ങൾ.
പ്രതിസന്ധികളോട് പടവെട്ടിയാണ് ഇവർ ഈ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. ഇവരെ കൂടാതെ 9 വിഷയങ്ങൾക്കും എ പ്ലസ് നേടിയ താളുംകണ്ടം കോളനിയിലെ എസ് ശ്രുതിയുടെയും, 8 എ പ്ലസ് വീതം നേടിയ പന്തപ്ര കോളനിയിലെ ആര്യ ശിവൻ, ഉറിയംപെട്ടി കോളനിയിലെ ശാരിക ശശി എന്നിവരുടെയും നേട്ടങ്ങളും ഏറെ തിളക്കമാർന്നതാണ്. ഈ സ്കൂളിലെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആറ് കുട്ടികളിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന രണ്ട് കുട്ടികളും എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലെ കോളനികളിൽ നിന്നും ഉള്ളവരാണ് എന്നതും അഭിമാനകരമാണ്. വൈദ്യുതി പോലും എത്താത്ത വാരിയം കോളനിയിൽ പട്ടിക വർഗ്ഗ വികസന വകുപ്പ് മുൻകൈയെടുത്ത് സ്പോൺസർഷിപ്പിലൂടെ സോളാർ സംവിധാനം ഉപയോഗിച്ച് ടീവി, ഡി ടി ച് (ഡിഷ് ടി വി ) എന്നിവ സ്ഥാപിച്ച് താൽക്കാലികമായി തയ്യാറാക്കിയ ഓൺലൈൻ ക്ലാസിലെ സൗകര്യം പ്രയോജനപ്പെടുത്തിയാണ് അനു ഈ മികച്ച നേട്ടം കൈവരിച്ചത്.
കുട്ടമ്പുഴയിൽ നിന്നും 25 കിലോമീറ്റർ അകലെ കാനന പാതയിലൂടെ 19 കിലോമീറ്റർ ദുർഘടമായ പാതയിലൂടെ സഞ്ചരിച്ചാൽ മാത്രമാണ് വാരിയം കോളനിയിൽ എത്തുവാൻ കഴിയൂ. ശ്യാമ, ശ്രുതി, ശാരിക എന്നിവരും ഇപ്രകാരം താൽക്കാലികമായി സ്പോൺസർഷിപ്പിലൂടെ തയ്യാറാക്കിയ ഓൺലൈൻ പഠന സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നു. ശ്യാമക്ക് സ്കൂളിലെ കൗൺസലർ ആയിരുന്ന ബെറ്റി ടീച്ചർ ഒരു പുതിയ മൊബൈൽ ഫോൺ പഠനാവശ്യത്തിന് നൽകിയിരുന്നു. കൂടാതെ ശ്യാമ പിണവൂർക്കുടി കോളനിയിൽ പട്ടിക ജാതി വകുപ്പ് നടത്തുന്ന സാമൂഹ്യ പഠനമുറിയിലെ സൗകര്യവും പ്രയോജനപ്പെടുത്തിയിരുന്നു.
അനു സംസ്ഥാന കായിക മേളയിൽ 200, 800 മീറ്റർ ഓട്ട മത്സരത്തിൽ യഥാക്രമം 2, 3 സ്ഥാനം നേടിയ താരം കൂടിയാണ്. റവന്യൂ ജില്ലാ അത്ലറ്റിക് മീറ്റിൽ ചാമ്പ്യനും ആയിരുന്നു.കുട്ടമ്പുഴ വാരിയം ആദിവാസി ഊരിലെ മാരിമണിയുടെയും, വീരമ്മയുടെയും മകളാണ്. മികച്ച വിജയം നേടിയ എല്ലാ കുട്ടികളേയും ട്രൈബൽ ഡെവലൊപ്മെന്റ് ഓഫീസർ ജി അനിൽകുമാർ അഭിനന്ദിച്ചു.