കുട്ടമ്പുഴ: കുട്ടമ്പുഴ ഗവൺമെന്റ് കോളേജ് വേണമെന്ന ആവശ്യം ശക്തമാകുന്നു. എറണാകുളം ജില്ലയുടെ മലയോര മേഖലയായ കുട്ടമ്പുഴയിൽ അടിസ്ഥാന സൗകര്യങ്ങൾ പലതും ഇനിയും ആയിട്ടില്ല. 30 മുതൽ 50 കിലോമീറ്റർ വരെ യാത്ര ചെയ്തതാണ് ഇവിടെയുള്ള വിദ്യാർത്ഥികൾ കോളേജ് പഠനത്തിനായി പോകുന്നത്. കുട്ടമ്പുഴയിൽ കോളേജ് വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ വിധിയും ഉള്ളതാണ്. എന്നാൽ അധികാരികൾ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. കുട്ടമ്പുഴയിൽ കോളേജ് വന്നാൽ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ആദിവാസികളാണ്. പതിനായിരത്തിലധികം ആദിവാസി കുടുംബങ്ങൾ ഇതിന്റെ ഗുണഭോക്താക്കൾ ആയി മാറും.
ആദിവാസി മേഖലയുടെ സമഗ്ര വികസനത്തിന് കോളേജ് അത്യാവശ്യം ആണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവിടെ കോളേജ് വന്നാൽ തേര, വാര്യം, ഉറിയംപെട്ടി, തലവച്ചപാറ, കുഞ്ചിപ്പാറ, മേട്ടിനംപാറ, തുടങ്ങിയ ആദിവാസി കോളനികൾക്ക് വലിയ ഒരു ആശ്വാസമാകും. ഈ വർഷം ബജറ്റിൽ വകയിരുത്തിയി രിക്കുന്ന ബംഗ്ലാവും കടവ് പാലം കൂടി യാഥാർഥ്യമായാൽ വടാട്ടുപാറ മേഖലയിൽ ഉള്ളവർക്കും ഈ കോളേജ് ഉപകാരപ്പെടും. മാമലക്കണ്ടം മേഖലകളിൽനിന്ന് ആളുകൾ എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കുന്നത് ഇപ്പോൾ കുട്ടമ്പുഴയെ ആണ്. അതോടൊപ്പം ആലുവ മൂന്നാർ രാജ പാത യഥാർഥ്യമായാൽ മാങ്കുളം മേഖലയിൽ ഉള്ളവർക്കും ഇത് ഏറെ ഉപകാരപ്പെടും.
ഗവൺമെന്റ് കോളേജ് യാഥാർഥ്യമായാൽ ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് പുത്തനുണർവ്വ് ആകും. കോളേജിനുള്ള സ്ഥലവും അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ ഇവിടെ ഉണ്ട്. അടുത്ത അധ്യയന വർഷമെങ്കിലും ക്ലാസ്സ് തുടങ്ങുവാൻ എന്ന രീതിയിൽ കാര്യങ്ങൾ നടക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഷാജി പയ്യാനിയ്ക്കൽന്റെ നേതൃത്വത്തിലുള്ള ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ നിരവധി ശ്രമങ്ങൾ ഇക്കാര്യത്തിനായി നടക്കുന്നുണ്ട്. നിയമ സഭാ പെറ്റിഷൻ കമ്മിറ്റിയുടെ നിർദേശം ഇതിനകം ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കേരള ഹൈ കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്