കോതമംഗലം: കഴിഞ്ഞ കുറച്ച് നാളുകളായി പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ വാളാച്ചിറ ഭാഗത്ത് മോഷണവും മോഷണശ്രമവും പതിവാകുന്നത് മൂലം ജനങ്ങൾ പരിഭ്രാന്തിയിലാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് കാഞ്ഞിരമുകളേൽ സജീർ പരീക്കുട്ടിയുടെ വീട്ടിൽ നിന്നും 20 പവനോളം സ്വർണ്ണം മോഷണം പോയിരുന്നു. ഊന്നുകൽ പോലീസ് കേസെടുത്ത് അന്യഷണം ആരംഭിച്ചെങ്കിലും നാളിതുവരെയായിട്ടും പ്രതികളെപ്പറ്റി ഒരു സൂചന യോ പ്രതികളെ പിടികൂടാനോ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ നാലോളം വീടുകളിൽ മോഷണശ്രമം നടന്നു. വാളാച്ചിറ തെക്കുംചേരി അലിയാർ, മൂക്കടയിൽ ഹുസൈൽ എന്നിവരുടെ വീടുകളിലും രാത്രിയിൽ മോഷണശ്രമമുണ്ടായി.
കഴിഞ്ഞ അർദ്ധരാത്രി ഒന്നര മണിയോടെ പ്രമുഖ ട്രേഡ് യൂണിയൻ സംസ്ഥാന നേതാവ് മനോജ് ഗോപിയുടെ താഴത്തെ നിലയിലെ അടുക്കള വാതിൽ പൊളിക്കാൻ മോഷ്ടാക്കൾ നടത്തിയ ശ്രമം ശബ്ദം കേട്ട് വീട്ടുകാർ ഉണർതിനെ തുടർന്ന് മോഷ്ടാവ് ഇരുളിൽ ഓടി മറഞ്ഞു. അപ്പോൾ തന്നെ ഊന്നുകൽ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോദന നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചിട്ടില്ല. വാളാച്ചിറ പുഴ തീരങ്ങളിലെ കടവുകളിലും വെള്ളാരമറ്റം പാലത്തിനു സമീപമെല്ലാം രാത്രികാലങ്ങളിൽ അജ്ഞാതർ തമ്പടിക്കുന്നതായും ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും വാഹനങ്ങൾ വന്ന് പോകുന്നതായും പ്രദേശവാസികൾ പരാതി പറയുന്നു.
പ്രദേശത്ത് രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും മോഷ്ടാക്കള ഉടൻ പിടികൂടണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോപ പരിപാടികൾക്ക് ജനകീയ സമിതി രൂപീകരിച് നാട്ടുകാർ നേതൃത്വം നൽകാനുള്ള തയ്യാറെടുപ്പിലാണ്