കോതമംഗലം : പുത്തൻ പുസ്തകത്തിന് വാശിപിടിക്കുന്ന പുത്തൻ തലമുറയിലെ കുട്ടികൾക്ക് മാതൃകയായി പല്ലാരിമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അക്മൽ റോഷൻ. തനിക്ക് കിട്ടിയ പുത്തൻ പുസ്തകം മറ്റൊരുകുട്ടിക്ക് നൽകിയതോടെ സമൂഹമാധ്യമങ്ങളിലും താരമായി അക്മൽ. പുസ്തകം വാങ്ങുന്നതിന് നേരത്തെ പണമടച്ചിരുന്ന അക്മൽ റോഷന് മറ്റൊരു കൂട്ടുകാരനിൽ നിന്നും പഴയ പുസ്തകം ലഭിച്ചതോടെ പുതിയ പുസ്തകം മറ്റാർക്കെങ്കിലും നൽകാൻ പറഞ്ഞ് ക്ലാസ് ടീച്ചർ ഷെമീമയെ വിവരം അറിയിക്കുകയായിരുന്നു.
പുത്തൻ പുസ്തകത്തിന്റെ മണം വിദ്യാർഥി ജീവിതത്തിലെ വലിയ അനുഭൂതി ആയതിനാൽ അധ്യാപിക അത് നിരുത്സാഹപ്പെടുത്തിയെങ്കിലും ‘ടീച്ചർ, പുതിയ പുസ്തകം ആർക്കെങ്കിലും കൊടുത്തോ, എനിക്ക് പഴയത് മതി’ എന്ന അക്മലിന്റെ നിർബന്ധത്തിൽ സ്‌കൂളിലെ തന്നെ അർഹനായ മറ്റൊരു കുട്ടിക്ക് സൗജന്യമായി അക്മലിന്റെ പുത്തൻ പുസ്തകവും ബുക്കും നൽകി. എസ്പിസി കേഡറ്റ് കൂടിയായ അക്മൽ റോഷന്റെ കുഞ്ഞുമനസിലെ നന്മക്ക് ഇപ്പോൾ അഭിനന്ദനപ്രവാഹമാണ്.പല്ലാരിമംഗലം, കൂവള്ളൂർ നാട്ടുകല്ലിങ്ങൽ ഷിജീബിന്റെയും ജസീലയുടെയും മകനാണ് അക്മൽ.