കോതമംഗലം: കോവിഡ് വ്യാപനത്താൽ ദുരിതത്തിൽ കഴിയുന്ന ഇടമലയാർ
വനമധ്യത്തിലുള്ള ആദിവാസി മേഖലയിലാണ് കാരുണ്യത്തിന്റെ ഇടപെടൽ. ജനവാസ മേഖലയിൽ നിന്നും 10 കിലോമീറ്റർ അകലെ ഇടമലയാർ പദ്ധതി പ്രദേശവും കഴിഞ്ഞ് കാട്ടുപാതയിലൂെടെ എത്തുന്ന താളുംകണ്ടം ആദിവാസി മേഖലയിലാണ് അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം പ്രവർത്തകർ ഭക്ഷ്യ കിറ്റുകൾ എത്തിച്ചത്. പരമ്പരാഗത
തൊഴിൽ സാധ്യതകൾ നിലക്കുകയും കോവിഡ് വ്യാപനം കൊണ്ട് ദുരിതത്തിലാക്കുകയും ചെയ്ത ഇവിടെത്തെ ആദിവാസികളെ സഹായിക്കുവാനായിട്ടാണ് എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലമായി ജീവകാരുണ്യ സാമൂഹിക ആരോഗ്യ മേഖലയിൽ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഹീറോ യംഗ്സ് രംഗത്തു വന്നത്.
അതിനായി ലോകോത്തര സോഫ്റ്റ് വെയർ നിർമ്മാണ കമ്പനിയായ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊലൂഷൻസ് കമ്പനിയായ യു എസ് ടി യുടെ സി എസ് ആർ ഫണ്ട് കൈകാര്യം ചെയ്യുന്ന പാൻ ഇന്ത്യയുടെ സഹായം ഇവർ തേടുകയും ആദിവാസികളുടെ ദുരിതം അറിയിക്കുകയും ചെയ്തു. ഇതേ തുടന്നാണ് കമ്പനിയുടെ സഹായത്തോടെ ദുരിതമനുഭവിക്കുന്ന താളുംകണ്ടത്തുള്ള അറുപതിൽ പരം കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്യുന്നതിന് സാഹചര്യമൊരുങ്ങിയത്.
നിത്യോപയോഗ വസ്തുക്കളായ പുട്ടുപൊടി ,പഞ്ചസാര ,തേയില , വെളിച്ചെണ്ണ ,ഉണക്കമീൻ ,മുളകുപൊടി ,മല്ലിപ്പൊടി ,ബിസ്ക്കറ്റ് ,സോപ്പുകൾ ,മാസ്ക് ,സാനിറ്റൈസർ തുടങ്ങിയ ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയത്. സാധാരണ വാഹനങ്ങിൽ എത്തിച്ചേരാൻ കഴിയാത്ത ആദിവാസികൾ കഴിയുന്ന ഉൾവനത്തിലേക്ക് ഓഫ് റോഡ് വാഹനങ്ങൾ ഉപയോഗപ്പെടുത്തിയാണ് ക്ലബ്ബ് പ്രവർത്തകർ ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും അടങ്ങുന്ന കിറ്റുകൾ എത്തിച്ച് നൽകിയത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ ഭക്ഷ്യ കിറ്റ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. ഹീറോയംഗ്സ് ക്ലബ്ബ് പ്രസിഡന്റ് ഷൗക്കത്തലി എം പി അദ്ധ്യക്ഷത വഹിച്ചു.
പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, തണൽ ഓർഗനൈസിങ്ങ് ഓഫീസർ ടോം ജോയ്, മുൻപഞ്ചായത്ത് അംഗം എ.പി. മുഹമ്മത്, തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഷമീർ മൈതീൻ സ്വാഗതവും ട്രഷറർ അനീഷ് പി ജി നന്ദിയും പറഞ്ഞു. താളും കണ്ടം ആദിവാസി മേഖലയിൽ കിറ്റുകളുമായി എത്തിയ വാഹനങ്ങളെ കുട്ടംമ്പുഴ പഞ്ചായത്ത് വൈ.പ്രസിഡന്റ് ബിൻസി മോഹനെന്റെയും പൊതു പ്രവർത്തകനായ അനസ്സിന്റെയും ഊര് കാണിക്കാരൻ മാധവൻ ന്റെയും നേതൃത്വത്തിൽ പ്രദേശവാസികൾ സ്വകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.കെ.ദാനി താളുംകണ്ടം ആദിവാസി കുടിയിൽ എത്തിച്ചേർന്ന് കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു . ഹീറോയഗ്സ് ക്ലബ്ബ് ഭാരവഹികളായ സി.എം.അഷറഫ്, ഹക്കീം മുഹമ്മദ് , എൻ ഡി ആർ എഫ് അംഗങ്ങളായ വിഷ്ണു പി.ആർ, വിഷ്ണു സുരേഷ് സിവിൽ ഡിഫൻസ് അംഗങ്ങളായ നൗഫൽ മുല്ലശ്ശേരി ,ഷാ മോൻ മാനാങ്കാവിൽ അബിൻസ് കരീം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആദിവാസി കുടിയിലെ ഓരോ വീടുകളിലും കിറ്റുകൾ എത്തിച്ചു നൽകിയത്.