കോതമംഗലം :മഹാമാരിയുടെ ഈ കാലത്ത് ഒരു പാട് സേവന പ്രവർത്തനങ്ങളും, കരുണവറ്റാത്ത സഹായഹസ്തങ്ങളും എല്ലാം ചെയ്യുന്നവരെ നാം അനുദിനം കാണുന്നു.അളവറ്റ സേവനങ്ങൾ ചെയ്യുന്ന സന്നദ്ധ പ്രവർത്തകരെയും, ഒരുപാട് നല്ല വ്യക്തിത്വങ്ങളെയും ഈ കോവിഡ് ക്കാലംക്കാട്ടി തന്നു. അത് പോലെ കരുണയുടെയുടെയും സഹാനുഭൂതിയുടെയും മാനവ സേവനത്തിന്റെ ഉദാത്ത മാതൃകയാകുകയാണ് കുട്ടമ്പുഴ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ രേഖ രാജു .
വർദ്ധിച്ചുവരുന്ന കോവിഡ് മൂലം സംസ്ഥാനം മുഴുവൻ ലോക് ഡൗൺ ആയി ഇരിക്കുബോൾ, തന്റെ വാർഡിലെ ജനങ്ങൾക്ക് ആശ്വാസമേകാൻ വാർഡിലെ ജനങ്ങളോടൊപ്പം മുഴുവൻ സമയവും ചെലവഴിക്കുന്ന ഈ വനിത ഇന്ന് വാർഡിലെ കുഞ്ഞുമക്കളുടെ മനസ്സ് തൊട്ടറിഞ്ഞ ഒരു അമ്മ കൂടി ആയിരിക്കുകയാണ്. കോവിഡ് പോസിറ്റീവ് ആയി കൊറന്റയിനിൽ കഴിയുന്ന ആളുകളുടെ വീടുകളിൽ ഔഷധ പൊതികളും ഭക്ഷണ കിറ്റുകളും എത്തിച്ചുകൊടുക്കുന്ന സമയങ്ങളിൽ രേഖയുടെ ശ്രദ്ധയിൽപ്പെട്ടത് അവിടുത്തെ കുട്ടികളുടെ മുഖമായിരുന്നു. അവരുടെ മനസ്സറിഞ്ഞ മെമ്പറും കുടുംബവും അയൽവാസികളും ചേർന്ന് തന്റെ മക്കൾക്ക് എന്നപോലെ എണ്ണ പലഹാരം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു.
വീട്ടിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്ന ചക്കകൾ ശേഖരിച്ച് അവ വറുത്ത് കവറിൽ നിറച്ച് കൊറേണ്ടയിനിൽ കഴിയുന്ന വീടുകളിലെ കുട്ടികൾക്കും മുതിർന്നവർക്കും എത്തിച്ചായിരുന്നു പിന്നീടുള്ള രേഖ രാജു വിന്റെ മാതൃക പ്രവർത്തനം. അങ്ങനെ സ്നേഹത്തിന്റെയും കരുണയുടെയും നല്ല പാഠം പകർന്ന് നൽകുകയാണ് കുട്ടമ്പുഴയിലെ ഈ മെമ്പർ.