കോതമംഗലം :ഏത് നിമിഷവും കുടിലിലേക്ക് മറിയും വിധം തലക്ക് മീതെ പാഴ്മരങ്ങൾ പന്തപ്രയിലെ ആദിവാസി കുടുംബങ്ങൾക്ക് ഉറക്കമില്ലാത്ത രാവുകൾ. പന്തപ്ര കോളനിയിലെ അറുപതോളം കുടുംബങ്ങളാണ് കടുത്ത ഭീതിയിൽ ജീവിക്കുന്നത്.വീടുകളുടെ നിർമ്മാണം പൂർത്തി യാകാത്തത്തിനാൽ സർക്കാർ കൊടുത്ത ഭൂമിയിൽ കുടിൽ കെട്ടിയാണ് ഇവർ താമസിച്ചു വരുന്നത്. പതിനഞ്ച് സെന്റ് സ്ഥലം വീട് വെക്കാനും രണ്ട് ഏക്കർ കൃഷി നടത്താനുമാണ് തേക്ക് പ്ലാൻെറഷൻ ഇവർക്ക് വിട്ടു കൊടുത്തത്. കുടിലിന്റെ വശങ്ങളിൽ നിൽക്കുന്ന വലിയ മരങ്ങളാണ് താമസക്കാർക്ക് ഭീഷണി ആകുന്നത്.
കാറ്റും മഴയും വരുമ്പോൾ കുടിലിനു പുറത്തിറങ്ങി നിൽക്കേണ്ടി വരുന്നു. ഇതുവരെ നാലോളം കുടിലുകൾക്ക് മുകളിലേക്ക് മരങ്ങൾ കാറ്റത്ത് മറിഞ്ഞു വീണിട്ടുണ്ട്. ആ സമയത്ത് വീടിനുള്ളിൽ ആൾ ഇല്ലാത്തതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. വീട്ടു സാധനങ്ങൾ പലതും നഷ്ട്പ്പെട്ടു. അടിയന്തരമായി കുടിലുകൾക്ക് സമീപം നൂറ് മീറ്ററിനുള്ളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണം എന്നാണ് ആദിവാസി സമൂഹത്തിന്റെ ആവശ്യം. പഞ്ചായത്ത് ഭരണ സമിതിയും ഈ ആവശ്യത്തെ അനുകൂലിക്കുന്നു. അടിയന്തിര പ്രാധാന്യത്തോടെ മരംമുറിച്ച് നീക്കാൻ വനം വകുപ്പിനോട് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.