കോതമംഗലം : എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി കോതമംഗലം താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ (മെട്രാേ) ഒ ജെ ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം തഹസിൽദാർ കെ മണികണ്ഠൻ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് മഴക്കാല ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ യോഗം വിലയിരുത്തി. മഴശക്തമായാൽ വൈദ്യുതിബന്ധം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ കോവിഡ് ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളിൽ വൈദ്യുതിബന്ധം മുടങ്ങാതെ ശ്രദ്ധിക്കുവാൻ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി.
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ആവശ്യമായ ഘട്ടങ്ങളിൽ ക്യാമ്പുകൾ ആരംഭിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാർക്കും തഹസിൽദാർമാർക്കും നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ ഉണ്ടായാൽ അടിയന്തരമായി നീക്കം ചെയ്യുന്നതിന് ജെസിബി പോലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസുകാർക്ക് പ്രത്യേക ചാർജ് നൽകി നൈറ്റ് പെട്രോളിങ് ആരംഭിച്ചിട്ടുണ്ടെന്നും മൂവാറ്റുപുഴ ഡിവൈഎസ്പി യോഗത്തിൽ വ്യക്തമാക്കി. അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പർ : 0485 2832459. എഫ് എൽ ടി സി, ഡിസിസി എന്നിവ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളിലേക്കുള്ള വഴികളിൽ മരം ഒടിഞ്ഞു വീണു ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ യോഗത്തിൽ അറിയിച്ചു.
അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള ഫയർ ആൻഡ് റെസ്ക്യൂ നമ്പർ 04852822420, 04852 824903. പഞ്ചായത്ത് അടിസ്ഥാനത്തിൽ ഉടൻ തന്നെ കൺട്രോൾ റൂമുകൾ ആരംഭിക്കുന്നതിന്റെ പ്രാധാന്യവും യോഗം വിലയിരുത്തി. രണ്ട് ദിവസമായി തുടരുന്ന മഴയിൽ താലൂക്കിൽ ഇതുവരെ നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള താലൂക്ക് കൺട്രോൾ റൂം നമ്പർ 0485 2860468.
കോതമംഗലം നഗരസഭ കോവിഡ് -19 വാർ റൂം എമർജൻസി ഫോൺ നമ്പറുകൾ
കണ്ട്രോൾ റൂം
0485-2822260
ഹെല്പ് ലൈൻ
8921498945
8921656571
8921411424
7907148183