നെല്ലിക്കുഴി : കോവിഡിൻ്റെ രണ്ടാം വരവിൽ വ്യാപന ഭീഷണിയുള്ള നെല്ലിക്കുഴി പഞ്ചായത്തിൽ രോഗപ്രതിരോധവും ചികിൽസയും കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ഡി.സി.സി. സംവിധാനം ഒരുക്കുന്നു. ചെറുവട്ടൂർ ഗവ.മോഡൽ ഹയർസെക്കൻ്ററി സ്കുളിൽ 24 മണിക്കൂറും വൈദ്യസഹായം ലഭിക്കുന്ന ഡൊമിസ്റ്റിലിയറി കെയർ സെൻ്റർ ഒരുക്കുന്നതിനാണ് നെല്ലിക്കുഴി പഞ്ചായത്ത് ഭരണസമിതി തയ്യാറെടുക്കുന്നത്. കോവിഡിൻ്റെ രണ്ടാംഘട്ടത്തിൽ വൈറസ് വ്യാപനം പഞ്ചായത്തിലെ എല്ലാവാർഡുകളിലും ഉണ്ടായതും നെല്ലിക്കുഴി പഞ്ചായത്ത് ഏറെ ജനസാന്ദ്രമായതും കണക്കിലെടുത്താണ് കോവിഡ് രോഗികൾക്കുള്ള പ്രാഥമിക ചികിത്സാകേന്ദ്രം അടിയന്തിരമായി തുറക്കുന്നത്.
ഏഴ്ഏക്കർ 25 സെൻ്റിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒത്തിണങ്ങിയഹൈടെക് കെട്ടിടസമുച്ചയത്തിൽ പ്രകൃതിദത്തമായ ഐസൊലേഷൻ സാഹചര്യത്തിൽ സ്ഥിതി ചെയ്യുന്ന ചെറുവട്ടൂർ സ്കൂൾഏറ്റവും അനുയോജ്യമെന്ന നിലയിലാണ് മെയ് 5നുള്ളിൽ ഡി.സിസി. ഇവിടെ സജ്ജമാക്കാൻ തയ്യാറെടുക്കുന്നത്. ഇതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം.മജീദ്, ഹെൽത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എൻ.പി. ജമാൽ സെക്രട്ടറി സി.കെ.സന്തോഷ്, അസി.സെക്രട്ടറി ഇ.എം.അസീസ്, ഡോക്ടർ ഷെറിൻ, ജെ.എച്ച്.ഐ.ഉണ്ണിരാജ്, എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ നോക്കി കാണുകയും സ്കൂൾ ഡി.സിസി.ക്ക് അനുയോജ്യമാണെന്ന് മതിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. കേന്ദ്രം ഒരുക്കുന്നത് സംബന്ധിച്ച്പി.ടി.എ.ഭാരവാഹികളുമായി ചർച്ചയും നടത്തി.