കോതമംഗലം: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎമ്മിൻ്റെ നേതൃത്വത്തിൽ വ്യാപകമായ ശ്രമം നടക്കുന്നതായി രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
വേട്ടർ പട്ടികയിൽ വ്യാപകമായ കൃതൃമം കാണിച്ചിരിക്കുന്നു. 4 ലക്ഷം വ്യാജ വോട്ടുകൾ സിപിഎം ചേർത്തിട്ടുണ്ട്. കോതമംഗലത്ത് മാത്രം 4517 വ്യാജ വോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളെ തെറ്റിധരിപ്പിക്കാനും വലിയ തോതിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിൻ്റെ ഭാഗമാണ് പല സർവേകളും.
ആറാം തിയതി നടക്കുന്ന ജനങ്ങളുടെ സർവേ ഫലം പുറത്തു വരുമ്പോൾ കോതമംഗലത്ത് ഷിബു തെക്കുംപുറവും കേരളത്തിൽ യുഡിഎഫും അധികാരത്തിൽ വരുമെന്നും ചെന്നിത്തല പറഞ്ഞു. അലി പടിഞ്ഞാറേചാലിൽ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.പി. ബാബു, സ്ഥാനാർഥി ഷിബു തെക്കുംപുറം, മുൻ മന്ത്രി ടി.യു.കുരുവിള, പി.പി.ഉതുപ്പാൻ, എ.ജി.ജോർജ്, പി.എ.മീരാൻ, എം.എസ്.എൽദോസ്, വി.എ.എം ബഷീർ എന്നിവർ പ്രസംഗിച്ചു.