- ഷാനു പൗലോസ്
കോതമംഗലം: യു.ഡി.എഫിൻ്റെ കോട്ടയിൽ വിള്ളൽ വീഴ്ത്തി എൽ.ഡിഫ് യുവജന വിഭാഗം നേതാവായിരുന്ന ആൻറണി ജോൺ പിടിച്ചെടുത്ത മണ്ഡലം ഇക്കുറി ആരുടെ പക്ഷം ചേരും?, മുൻ വിധികൾ കോതമംഗലത്ത് പ്രായോഗികമല്ല. രാഷ്ട്രീയ ഭ്രാന്ത് അധികമേൽക്കാത്ത നാടാണ് കോതമംഗലം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ടി.യു കുരുവിള മത്സരിച്ചതിനോട് യു.ഡി.എഫിനകത്ത് തന്നെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. പ്രതിഷേധം കൃത്യമായി വോട്ടായതോടെ തെറ്റില്ലാത്ത ഭൂരിപക്ഷവുമായി ഇടത് പക്ഷത്തേക്ക് യു.ഡി.എഫ് കോട്ട ചേർന്ന് നിന്നു.
പക്ഷേ ഇക്കുറി സ്ഥിതി വിത്യസ്തമാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആൻ്റണി ജോൺ എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിൽ സുപരിചിതനാണ്. കൂടാതെ സാമൂഹിക ക്ഷേമ പെൻഷനും മണ്ഡലത്തിൽ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ ചികിത്സാ സഹായവും അനുകൂല ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു.
അത് പോലെ തന്നെ “എൻ്റെ നാട്” എന്ന ആശയവുമായി കോതമംഗലത്തിൻ്റെ താഴെ തട്ടിലേക്ക് ഇറങ്ങി പ്രവർത്തിച്ച ഷിബു തെക്കുംപുറവും നാടറിയുന്ന വ്യക്തിത്വമാണ്. മണ്ഡലത്തിനകത്തെ വികസനം ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് പോരിനിറങ്ങുമ്പോൾ അവസാന ലാപ്പിലെ ശിലാഫലക പ്രതിഷ്ഠകൾ മാത്രമാണ് കോതമംഗലത്തെ വികസനമെന്ന് കളിയാക്കിയാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്. പ്രധാമായും തങ്കളം – കാക്കനാട് പാതയും ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയവും എങ്ങുമെത്താതെ കിടക്കുന്നത് ചൂണ്ടിക്കാണിച്ചാണ് യു.ഡി.എഫ് പ്രചാരണം ചൂടുപിടിപ്പിക്കുന്നത്.
ക്രൈസ്തവ ഭൂരിപക്ഷമുള്ള കോതമംഗലത്ത് ബി.ജെ.പി ഇക്കുറി നേട്ടം കൊയ്യുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു കേന്ദ്ര നേതൃത്വത്തിൻ്റെ കണക്ക് കൂട്ടൽ. മണ്ഡലത്തിൽ നിർണ്ണായ സ്വാധീനമുള്ള യാക്കോബായ സഭ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആർ.എസ്.എസ് ദേശീയ ഭാരവാഹികൾ സഭാ നേതൃത്വവുമായി കൊച്ചിയിൽ ചർച്ച നടത്തിയതോടെ “എ പ്ലസ്” കാറ്റഗറിയിൽ പെടുത്തിയ സംസ്ഥാനത്തെ രണ്ട് മണ്ഡലത്തിൽ ഒന്നായി കോതമംഗലം മാറി. സഭയ്ക്ക് നീതി ലഭിച്ചാൽ സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുമെന്ന് സഭാ സമിതികൾ ചേർന്ന് തീരുമാനമെടുത്തതോടെ ഭൂരിഭാഗം യാക്കോബായ വിശ്വാസികളും സഭയുടെ നിലപാടിൽ നിൽക്കുമെന്ന സാഹചര്യവും ഉണ്ടായി.
ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായി യാക്കോബായ സഭാംഗം മത്സരിക്കുകയാണെങ്കിൽ വിജയം ഉറപ്പെന്ന രീതിയിലാണ് ആർ.എസ്.എസ് കേന്ദ്ര നേതൃത്വം കരുക്കൾ നീക്കിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയും, അമിത് ഷായും സഭാ നേതൃത്വമായി ചർച്ച നടത്തിയിരുന്നുമാണ്. ഒരു ഘട്ടത്തിൽ പ്രധാനമന്തി പ്രചരണത്തിന് കോതമംലത്തെത്തുമെന്ന തരത്തിൽ കാര്യങ്ങളെത്തി. പക്ഷേ ബി.ജെ.പി സംസ്ഥാന ഘടകത്തിലെ രണ്ട് പ്രമുഖ നേതാക്കളുടെ ഇടപെടലിൽ കാര്യങ്ങൾ തലകീഴായി മറിഞ്ഞു. അതോടെ ചർച്ചകളിൽ നിന്ന് യാക്കോബായ സഭ പിൻമാറിയതോടെ ബി.ജെ.പിക്ക് നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലം ബി.ഡി.ജെ.എസിന് നൽകിയെങ്കിലും മണ്ഡലത്തിനകത്ത് നിന്ന് സ്ഥാനാർത്ഥിയെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. ഇതോടെയാണ് ജില്ലാ ഭാരവാഹിയായ ഷൈൻ കെ കൃഷ്ണന് നറുക്ക് വീണത്.
ട്വൻ്റി 20 സ്ഥാനാർത്ഥിയായി പി.ജെ ജോസഫിൻ്റെ മരുമകൻ ഡോ.ജോ ജോസഫും രംഗത്ത് ഉണ്ട്. രാഷ്ട്രീയ കളികളോട് താല്പര്യമില്ലാത്തവരുടെ നിലപാടുകൾ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ട്വൻ്റി 20യുടെ പ്രവർത്തനങ്ങൾ. ട്വൻ്റി 20 സ്ഥാനാർത്ഥി വിജയിച്ചാൽ കിഴക്കമ്പലം മോഡൽ വികസനമാണ് പ്രചരണത്തിൽ മുന്നിട്ട് നിൽക്കുന്നത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോതമംഗലം ആർക്കൊപ്പം??.
(താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി വോട്ട് രേഖപ്പെടുത്തുക)
https://pollie.app/polls/2021-37656f7c-3fd3-431c-aad3-b48d62b59e7b/votes/new
Voting is possible until April 02, 2021 19:30.