കോതമംഗലം: വനം വകുപ്പധികൃതർ തന്നെ അപമാനിക്കുകയാണെന്നും തുണ്ടം ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ തനിക്കു കിട്ടേണ്ട ജോലി അവസരം തട്ടികളയുകയാണെന്നും അതിനാൽ പാമ്പുപിടുത്തത്തിന് വനം വകുപ്പ് സി സി എഫ് നൽകിയ ലൈസൻസ് തിരികെ നൽകി താൽക്കാലിക വാച്ചർ ജോലിയിൽ നിന്നും പിൻ മാറുകയാണന്നും മജീഷ്യനും പാമ്പുപിടുത്ത വിദഗ്ധനും ഗവേഷകനുമായ വടാട്ടുപാറ സ്വദേശി മാർട്ടിൻ മെയ്‌ക്കമാലി കോതമംഗലത്ത് പത്രസമ്മേളനം നടത്തി വ്യക്തമാക്കി.
നിലവിൽ തുണ്ടം റെയിഞ്ചിൽ എലിഫന്റ് സ്‌ക്വാഡിൽ അംഗമാണ് മാർട്ടിൻ. രാവിലെ മുതൽ പാതിരാത്രി വരെ വിശ്രമമില്ലാതെ ജോലി ചെയ്തതാലും മേലുദ്യോഗസ്ഥർ തെല്ലും അനുകമ്പയില്ലാെയാണ് പെരുമാറുന്നതെന്നും പാമ്പു പിടുത്തത്തിൽ ലൈസൻസ് ഉണ്ടായിട്ടും തുണ്ടം റെയിഞ്ചിൽ പാമ്പുപിടുത്തത്തിന് തന്നെ വിളിയ്‌ക്കേണ്ടെന്ന് വനം വകുപ്പ് ജീവനക്കാരുടെ ഗ്രൂപ്പിൽ അറിയിപ്പ് വന്നിട്ടുണ്ടെന്നും ഇത് തന്നെ വല്ലാെതെ വേദനിപ്പിച്ചു എന്നും മാർട്ടിൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 27 വർഷം കൊണ്ട് ഉഗ്ര വിഷമുള്ള 127 രാജവെമ്പാലകളെ പിടിച്ചിട്ടുണ്ടന്നും ,ചെയ്യുന്ന ജോലിയിൽ സുരക്ഷിതത്വം നൽകാൻ വനം വകുപ്പ് നൽകുന്നില്ലന്നും മാർട്ടിൻ ചൂണ്ടിക്കാണിക്കുന്നു.
ജീവിതമാർഗ്ഗം എന്നതിലുപരി നാടിന്റെ ആവാസ വ്യവസ്ഥ കാത്തുസൂക്ഷിക്കുന്ന ഇഴജന്തുക്കളെ സ്വന്തം മക്കളെപ്പോലെ കരുതി ഇടപെടുമ്പോൾ അധികാരികളുടെ ഭാഗത്തുനിന്നും മാനസികമായ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടിവരുന്നതെന്ന് മാർട്ടിൻ പറയുന്നു. ഇനി മുതൽ പാമ്പ് പിടുത്തം നിറുത്തി എന്ന് പത്രസമ്മേളനം നടത്തി ഇറങ്ങിയെങ്കിലും മാർട്ടിനെ തേടി നിരന്തരം ഫോൺ വിളികൾ വരുകയായിരുന്നു. അധികാരികൾക്ക് ആവശ്യമില്ലെങ്കിലും നാട്ടുകാർക്ക് മാർട്ടിനെ മാറ്റി നിർത്തുവാൻ പറ്റില്ല എന്ന് ബോധ്യപ്പെടുത്തുന്ന സഹായ അഭ്യർത്ഥനകളായിരുന്നു പലതും. വടാട്ടുപാറ പനംചോട് ഭാഗത്ത് വലയിൽ കുടുങ്ങിയ പാമ്പിനെ രാത്രി ഏഴുമണിയോടുകൂടി മാർട്ടിൻ എത്തിയാണ് രക്ഷപ്പെടുത്തിയത്.
താൽക്കാലിക വാച്ചർമാരോട് അവരുടെ സുരക്ഷ പോലും നോക്കാതെ ദുർഘമായ പരിസ്ഥിതിയിൽ പോലും ജോലി ചെയ്യുവാൻ നിർബന്ധിക്കുന്നത് അധികാരികളുടെ പ്രവണതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോതമംഗലത്തിന്റെ വനമേഖലയോട് ചേർന്ന് കിടക്കുന്ന ജനങ്ങൾക്ക് സർപ്പ ഭയത്തിൽ നിന്ന് രക്ഷ നല്‌കുന്ന മാർട്ടിൻ മേക്കമാലിയെ വനം വകുപ്പ് അധികാരികൾക്ക് അവഗണിക്കാമെങ്കിലും, നാട്ടുകാർക്ക് പ്രിയപെട്ടവനാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ രാത്രി തന്നെ പാമ്പിനെ പിടികൂടിയ സംഭവം.