പാലക്കാട്: സംസ്ഥാന സർക്കാരിൻ്റെ 2020ലെ ഡോ.ബി.ആർ അംബേദ്കർ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച മാധ്യമ റിപ്പോർട്ടിംഗിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ജീവൻ ടി.വി. ഇടുക്കി റിപ്പോർട്ടർ സിജോ വർഗീസ് ഏറ്റുവാങ്ങി. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പിൽ MLA പുരസ്കാരങ്ങൾ സമ്മാനിച്ചു. 10,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 2020 മാർച്ച് 14 ന് ജീവൻ ടി വി യിൽ സംപ്രേക്ഷണം ചെയ്ത മുളങ്കാടിനു മുകളിലെ ആദിവാസി ജീവിതം എന്ന റിപ്പോർട്ടാണ് പുരസ്കാരത്തിന് അർഹമായത്. മാതൃഭൂമി ന്യൂസിലെ ജി.പ്രസാദ്കുമാർ, എസ്. വിനേഷ് കുമാർ ന്യൂസ് 18, ആർ.കെ.ബിജുരാജ് മാധ്യമം, രേഖാ ചന്ദ്ര സമകാലിക മലയാളം വാരിക, അമൃത.കെ എന്നിവരും പുരസ്കാരത്തിന് അർഹരായി.
