നെല്ലിക്കുഴി: കോതമംഗലം മേഖലയിൽ നിറഞ്ഞുനിന്ന പൊതുപ്രവർത്തകനായിരുന്ന അന്തരിച്ച പി.എൻ.ശിവശങ്കരന്
ശാശ്വതസ്മാരകമായി ജന്മനാട്ടിൽ
ഗ്രന്ഥശാല വരുന്നു. പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖലാ പ്രസിഡണ്ടായിരിക്കെ മരണപ്പെട്ട സി.പി.ഐ.(എം) നേതാവായിരുന്ന ശിവശങ്കരൻ്റെ പേരിലുള്ള സ്മാരക ഗ്രന്ഥശാലയാണ് അദ്ദേഹത്തിൻ്റെ ജന്മസ്ഥലമായ ചെറുവട്ടൂർ ആശാൻപടിയിൽ പ്രവർത്തനമാരംഭിക്കുന്നത്. പി.എൻ.ശിവശങ്കരൻ്റെ അഞ്ചാമത് ചരമവാർഷിക ദിനാചരണത്തിലാണ് ഇതിൻ്റെ പ്രഖ്യാപനമുണ്ടായത്. സംസ്ഥാന ലൈബ്രറി കൗൺസിലുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന വിപുലമായ ഗ്രന്ഥശാലയാണ് നാട്ടുകാർ വിഭാവനം ചെയ്തിരിക്കുന്നത്. മരണാനന്തരം ശിവശങ്കരൻ്റെ കവിതകളുടെയും കുറിപ്പുകളുടെയും സമാഹാരമായി ‘നോട്ട്ബുക്ക് ‘ എന്ന പേരിൽ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു. കോതമംഗലം നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന
ടി.എം.മീതിയൻ സ്മാരക ഗ്രന്ഥശാലയുടെ ലൈബ്രറേറിയനുമായിരുന്നു പി.എൻ.എസ്.
ഇത്തരം പ്രവർത്തന പശ്ചാത്തലങ്ങളുള്ള പി.എൻ.എസിന് ഉചിതമായ സ്മാരകം
സാംസ്കാരിക സ്ഥാപനമാണെന്ന തിരച്ചറിവാണ് അദ്ദേഹത്തിൻ്റെ നാമധേയത്തിൽ
ഗ്രന്ഥശാല തന്നെ കൊണ്ടുവരാൻ പ്രേരകമായത്.
ചെറുവട്ടൂർആശാൻപടിയിൽ നടന്ന അഞ്ചാമത് ചരമവാർഷികാചരണ സമ്മേളനം സി.പി.ഐ.(എം) കോട്ടയം ജില്ലാകമ്മറ്റിയംഗം
ബെന്നി ജോസഫ് കടത്തുരുത്തി
ഉൽഘാടനം ചെയ്തു. സി.പി.ഐ.(എം) കോതമംഗലം ഏരിയാ സെക്രട്ടറി ആർ.അനിൽകുമാർ അനുസ്മരണ
പ്രഭാഷണം നടത്തി. ഗ്രന്ഥശാലയിലേക്ക്
100ഓളം പുസ്തകങ്ങൾ സംഭാവനയായി നൽകുന്നതിൻ്റെ ആദ്യത്തെ കിറ്റ് ചടങ്ങിൽഅദ്ധ്യക്ഷത വഹിച്ച നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ മൃദുല ജനാർദ്ദനന് സലാം കവാട്ട് കൈമാറി.
ജില്ലാ പഞ്ചായത്ത് മെംബർ റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് മെംബർ നെല്ലിക്കുഴി ഡിവിഷൻ മെംബർ എം.എ.മുഹമ്മദ്,
ഗ്രാമ പഞ്ചായത്ത് അംഗം ടി.എം.അബ്ദുൾ അസീസ്, സി.പി.ഐ.(എം) നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി സഹീർ കോട്ടപ്പറമ്പിൽ, ഏരിയാ കമ്മറ്റിയംഗം കെ.എം. പരീത് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ബിജു ആശാൻപടി സ്വാഗതവും കെ.കെ.ജയകുമാർ കൃതജ്ഞതയും പറഞ്ഞു.