കോതമംഗലം : പുന്നേക്കാട് മില്ലുംപടിയില്‍ റോഡരുകിലെ തിട്ട് നീക്കം ചെയ്ത് റോഡിന് വീതികൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യം പൊതുമരാമത്ത് വകുപ്പ് അധികാരികൾ ചെവിക്കൊള്ളാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.ഇന്നലെ ചൊവ്വാഴ്ച കാറും ബൈക്കും കൂട്ടിയിടിച്ച് യുവതീ-യുവാക്കള്‍ക്ക് ഗുരുതര പരിക്കേറ്റതോടെ പ്രതിഷേധം ശക്തമായത്. തട്ടേക്കാട് ഭാഗത്തേക്കു ബൈക്കില്‍ പോകുകയായിരുന്ന ആലപ്പുഴ സ്വദേശികളായ യുവാവിനും യുവതിക്കുമാണു പരിക്കേറ്റത്. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്കുശേഷം ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു അപകടം. ഈ ഭാഗത്ത് റോഡിനു വീതി കുറവും, പുന്നേക്കാട് ഭാഗത്തുനിന്നും വരുന്നവർക്ക് കാഴ്ച്ച മറക്കുന്ന രീതിയിൽ റോഡിന്റെ ഒരുവശത്തു പാറയും മറുഭാഗത്തു വൈദ്യുതി പോസ്റ്റുമാണ്. റോഡരുകിൽ പുല്ലും ചെടികളും വളര്ന്നുനില്ക്കുന്നതും അപകടത്തിനിടയാക്കുന്നതായി നാട്ടുകാർ പറയുന്നു. നിരവധി വാഹന അപകടങ്ങളാണ് ഈ മേഖലയിൽ സംഭവിച്ചിട്ടുള്ളതെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ഇനിയൊരു അപകടത്തിനു കാത്തു നിൽക്കാതെ ഇവിടെ സുരക്ഷിത ഡ്രൈവിംഗിന് സാഹിചര്യം ഒരുക്കണമെന്ന് കീരംപാറ ജനകീയ വേദി പ്രവർത്തകർ ആവശ്യപ്പെടുന്നു.