കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി കോളനിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് അന്തേവാസികൾ ആവശ്യപ്പെട്ടു. കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും അവികസിതമായ കോളനികളിൽ ഒന്നാണ് തേര ആദിവാസി കോളനി. കിലോമീറ്ററുകൾ ജീപ്പിൽ സഞ്ചരിച്ച് കാടും പുഴയും കടന്ന് വേണം ഇവർക്ക് പഞ്ചായത്ത് ആസ്ഥാനമായ കുട്ടമ്പുഴയിലെത്താൻ. വഴി, വെള്ളം, വെളിച്ചം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ദൗർലഭ്യമാണ് ഇവരെ ഏറെ അലട്ടുന്നത്. വന്യമൃഗങ്ങൾ കൃഷിയിടങ്ങൾക്കും, ജീവനും, സ്വത്തിനും വൻ ഭീഷണിയാണ് ഉയർത്തുന്നത്. ആദിവാസികളാണെങ്കിലും തങ്ങളും മനുഷ്യൻ മാരാണെന്ന പരിഗണന തന്ന് ഊരിൽ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
