കോതമംഗലം – സംസ്ഥാനത്തെ വിവിധ കന്യാസ്ത്രീ മഠങ്ങൾ,
അനാഥാലയങ്ങൾ, ആശ്രമങ്ങൾ എന്നിവടങ്ങളിലെ അന്തേവാസികൾക്ക് റേഷൻ കാർഡ് നല്കുന്നതിനു വേണ്ട നടപടികൾ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനത്തെ ഭൂരിപക്ഷം കന്യാസ്ത്രീ മഠങ്ങളിലേയും,ആശ്രമങ്ങളിലേയും, അനാഥാലയങ്ങളിലേയും അന്തേവാസികൾക്ക് പ്രത്യേക റേഷൻ കാർഡ് ഇല്ലാത്തതിനാൽ റേഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുന്നില്ലെന്നും, ഇവരുടെ റേഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ മുടങ്ങാതെ ലഭിക്കുന്നതിനു വേണ്ടി ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് വേഗത്തിൽ റേഷൻ കാർഡ് ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ ഉന്നയിച്ച നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനു വേണ്ടി ആവശ്യമെങ്കിൽ പുതിയ റേഷനിങ്ങ് കൺട്രോൾ ഓർഡറിൽ ആവശ്യമായ ദേതഗതി വരുത്തണമെന്നും എം എൽ എ ആവശ്യപ്പെട്ടു.വിവിധ കന്യാസ്ത്രീ മഠങ്ങളിലേയും, ആശ്രമങ്ങളിലേയും, അനാഥാലയങ്ങളിലേയും അന്തേവാസികൾക്ക് റേഷൻ കാർഡ് ഇല്ലാത്തതിനാൽ റേഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭ്യമാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവർക്ക് റേഷൻ കാർഡ് നല്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ സജീവ പരിഗണയിലാണെന്നും,തുടർ നടപടികൾ വേഗത്തിലാക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി നിയമസഭയിൽ ആന്റണി ജോൺ എം എൽ എ യെ അറിയിച്ചു.