കോതമംഗലം: ഊന്നുകൽ വെള്ളാമക്കുത്ത് തോടിനു സമീപം ഇരുനൂറോളം കുടുംബങ്ങൾ താമസിക്കുന്ന ജനവാസമേഖലയിൽ അന്തരീക്ഷത്തിൽ മാരക വിഷാംശപുക വമിക്കുന്നതും കുടിവെള്ള ശ്രോ ദസ്സിൽ ടാറിംഗ് വിഷാംശ അംശങ്ങൾ കലരാനും ഇടയാക്കുന്ന ജനത്തിന്റെ സ്വൈര്യ ജീവിതത്തിനും ആരോഗ്യത്തിനും ജീവനുപോലും ഭീക്ഷണിയാകുന്ന ഭീമൻ ടാർ മിക്സിങ്ങ് പ്ലാന്റ് കമ്പനിയുടെ പ്രവർത്തനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഊന്നുകൽ ജനകീയ സമരസമിതിയുടെ ആഫിമുഖ്യത്തിൽ കവളങ്ങാട് പഞ്ചായത്ത് ആഫീസിനു മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും പഞ്ചായത്ത് സെക്രട്ടറിക്ക് നൂറ് കണക്കിന് പ്രദേശവാസികൾ ഒപ്പിട്ട നിവേദനവും നൽകി. പ്രതിഷേധ സമരം ഗ്രാമ പഞ്ചായത്ത് അംഗം ജിൻസി മാത്യു ഉദ്ഘാടനം ചെയ്തു.
ജനകീയ സമിതി കൺവീനർ ബേബി കണിയാംപാല അദ്ധ്യക്ഷത വഹിച്ച സമരത്തിൽ കോൺഗ്രസ് കവളങ്ങാട് മണ്ഡലം പ്രസിഡന്റ് എ.ആർ.പൗലോസ്, ജനതാദൾ (എൽ.ജെ.ഡി ) നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ഗോപി ,ബി.ജെ.പി.നിയോജക മണ്ഡലം സെക്രട്ടറി അഡ്വ. സൂരജ് ജോൺമലയിൽ, സി.പി.എം. മുൻ ലോക്കൽ സെക്രട്ടറി സി.കെ.മുരളി, ജെറാൾഡ് റ്റി.ജെ., ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു. ലിറ്റിൽ ഫ്ലവർ സ്ക്കൂൾ മുൻ എച്ച്.എം.ജോസഫ് ജോൺ സ്വാഗതവും ഷെറി ഒറ്റക്കുടശ്ശേരിൽ നന്ദിയും പറഞ്ഞു.രാവിലെ കവളങ്ങാട് ഹൈസ്ക്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പ്രദേശവാസികൾ പങ്കെടുത്തു.മാർച്ചിന് ഷൈമോൻ ഇ.എം.സജീവ് വർഗീസ്, ജോണി റ്റി.ജെ., അലോഷ്യസ് അറക്കൽ, പീറ്റർ വെള്ളാമക്കുത്ത് തുടങ്ങിയവ നേതൃത്വം നൽകി.



























































